തൃശൂർ: സംസ്ഥാനത്തെ ജയിലുകളിലേക്കുള്ള ലഹരി കടത്തിന് തടയിടാൻ ഇനി മുതൽ ശ്വാന സംഘത്തിൻറെ കാവലും. തൃശൂരിൽ പരിശീലനം പൂർത്തിയാക്കിയ ലാബ്രഡോർ റിട്രിവർ ഇനത്തിൽപ്പെട്ട അഞ്ച് നായകളുടെ പാസിംഗ് ഔട്ട് പരേഡ് ജയിൽ ഗ്രൗണ്ടിൽ നടന്നു
ബ്രൂണോ - ടെസ - റാംബോ - ലൂക്കേ - റോക്കി ഇവരഞ്ചുപേർക്കാണ് സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്കുള്ള ലഹരി കടത്ത് തടയാനുള്ള ചുമതല. ലാബ്രഡോർ റിട്രിവർ ഇനത്തിൽപ്പെട്ടതാണ് പരിശീലനം പൂർത്തിയാക്കിയ ശ്വാനൻമാർ. തൃശൂർ, തിരുവനന്തപുരം, തവനൂർ ജയിലുകളിലാണ് ഇവയെ നിയോഗിക്കുക.
Read Also: ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ്
ഇന്ത്യയിലെ തന്നെ പ്രധാന ഡോഗ് ട്രെയിനർമാരിൽ ഒരാളായ എഎസ്ഐ മധുരാജായിരുന്നു പൊലീസ് അക്കാദമിയിൽ പരിശീലനം നൽകിയത്. മനുഷ്യ ശരീരത്തിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചാൽ പോലും അത് കണ്ട് പിടിക്കാൻ ഇവയ്ക്കാകും. പരിശോധന ശ്വാന വീരൻമ്മാർ ഏറ്റെടുക്കുന്നതോടെ ജയിലുകളിലേക്കുള്ള മയക്കുമരുന്ന് കടത്തിന് ശമനമുണ്ടാക്കാനാകുമെന്നാണ് ജയിൽ വകുപ്പിന്റെ കണക്കുകൂട്ടൽ.
ലാബ്രഡോർ റിട്രീവർ
കനേഡിയൻ നായ ഇനമാണ് ലാബ്രഡോർ റിട്രീവർ. കാനഡയിലെ ന്യൂഫൗണ്ട്ലാന്‍റ് ആണ് ഇവയുടെ ജന്മദേശം. പൊതുവെ ശാന്ത സ്വഭാവമുള്ള നായ ഇനമാണെങ്കിലും ബുദ്ധിയുടെ കാര്യത്തിൽ ഇവർ വളരെ മുന്നിലാണ്. വേട്ടയ്ക്കായിരുന്നു ഇവരെ ആദ്യ കാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പ്രധാനമായും ജലാശയങ്ങളിൽ നിന്ന് മീൻ പിടിക്കുമ്പോൾ അവയെ വെള്ളത്തില്‍ നിന്ന് എടുത്തുകൊണ്ടുവരാനും കൊക്ക്, കാട്ടുതാറാവുകൾ എന്നിവയെ വെടിവച്ചിടുമ്പോൾ നീന്തി ചെന്ന് ഇരയെ കടിച്ചെടുത്ത് വരാനും പരിശീലിപ്പിച്ചിരുന്നു. അതിനാലാണ് ഇവയ്ക്ക് റിട്രീവർ എന്ന് പേരുവന്നത്.
Read Also: മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ജീവിത കഥ പറയുന്ന ചിത്രം 'മേജർ' ജൂൺ മൂന്നിന് തിയറ്ററിലെത്തും
വളർത്തുന്നവരുടെ കുടുംബാംഗങ്ങളിൽ എല്ലാവരുമായും വളരെ അടുപ്പമുണ്ടാവുന്ന ഇനമാണ് ലാബ്രഡോർ. പ്രത്യേകിച്ച് കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരനാകുന്നവയാണ് ഇവ. മികച്ച നീന്തൽ വിദഗ്ധർ കൂടിയാണ് ലാബ്രഡോർ റിട്രീവർ. കാലുകളിൽ താറാവുകൾക്ക് ഉള്ളതുപോലെ വിരലുകൾ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ത്വക്ക് ഇവരെയ നീന്തലിന് സഹായിക്കുന്നു. അതിനാൽ ഇവയെ വെബെഡ് ഡോഗ്സ് എന്നാണ് പറയാറ്. ആളുകളെ രക്ഷിക്കാനും ഇവ മിടുക്കന്മാരാണ്. യുദ്ധങ്ങളിലും ഇവരെ ഉപയോഗിച്ചിരുന്നു.
ലോകത്തിലെ വിവിധ പോലീസ് സേനകളിൽ ഇവയുടെ സാന്നിധ്യമുണ്ട്. പരിശീലനത്തിലൂടെ മികച്ച അനുസരണയുള്ളവയായി ഇവ മാറാറുണ്ട്. മണം പിടിക്കാനുള്ള ഇവയുടെ കഴിവാണ് പോലീസ് സേനകളിൽ ഇവയെ താരമാക്കുന്നത്. ശാരീരിക ക്ഷമയതിയിലും ലാബ്രഡോർ മുന്നിൽ തന്നെയാണ്. പാരമ്പര്യ ശുദ്ധിയും ചാമ്പ്യൻ പാരമ്പര്യവുമാണ് ഇവയുടെ വില നിശ്ചയിക്കുന്നത്. കേരളത്തില്‍ ഇവ സുലഭമാണെങ്കിലും നല്ല ലാബ്രഡോറുകൾക്ക് വില കൂടുതലാണ്. മറ്റ് വിദേശയിനം നായകളെ അപേക്ഷിച്ച് കുറഞ്ഞ പരിചരണം മതി ഇവയ്ക്ക് എങ്കിലും രോഗങ്ങൾ വരാതെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...