തിരുവനന്തപുരം: പാലായുടെ പുതിയ 'മാണി', മാണി സി. കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു!! ഇംഗ്ലീഷില്‍ ദൈവനാമത്തിലായിരുന്നു മാണി സി കാപ്പന്‍റെ സത്യപ്രതിജ്ഞ.
അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നും ചരിത്ര വിജയം നേടിയയാണ് എന്‍സിപി നേതാവ് മാണി സി. കാപ്പന്‍ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ബുധനാഴ്ച രാവിലെ 10.30ന് നിയമസഭാ ഹാളില്‍ സ്പീക്കര്‍ പി. രാമകൃഷ്ണന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
അതേസമയം, മന്ത്രിയാകാന്‍ തനിക്ക് താത്പര്യമില്ലെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മാണി സി. കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാലാ നിയോജകമണ്ഡലത്തില്‍ മാണി സി. കാപ്പന്‍ വിജയിച്ചാല്‍ മന്ത്രിസ്ഥാനം ഉറപ്പാണെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവിച്ചിരുന്നു. ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തിയപ്പോഴായിരുന്നു മാണി സി. കാപ്പന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. വട്ടിയൂര്‍ക്കാവിലെ ഇടത് സ്ഥാനാര്‍ത്ഥി വി. കെ. പ്രശാന്തിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മാണി സി. കാപ്പന്‍ പങ്കെടുക്കും.
ദീര്‍ഘകാലമായി പാലായെ നയിച്ചിരുന്ന കെ. എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. മാണിയിലൂടെ പതിറ്റാണ്ടുകളായി കേരളാ കോണ്‍ഗ്രസ് കൈയടക്കിയിരുന്ന മണ്ഡലമാണ് എന്‍സിപി സ്ഥാനാര്‍ഥിയായ മാണി സി. കാപ്പനിലൂടെ എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കാപ്പന്‍ അട്ടിമറിച്ചത്. പാലായിലെ നാലാം അങ്കത്തിലാണ് മാണി സി കാപ്പന്‍ വിജയിച്ചത്. കെഎം മാണിയല്ലാതെ പാലായില്‍ നിന്ന് നിയമസഭയില്‍ എത്തുന്ന ആദ്യ എംഎല്‍എയാണ് മാണി സി കാപ്പന്‍!!