ജനങ്ങൾക്കിടെ ഇത്രയുമധികം സ്വീകാര്യനായ മറ്റൊരു നേതാവിനെ ഇനി കണ്ടെത്തുക പ്രയാസമാണ്. അതായിരുന്നു ഉമ്മൻ ചാണ്ടി എന്ന നേതാവ്. ജനങ്ങളുമായി ഇഴകി ചേർന്ന് അവരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെയ്യാൻ ഈ മുഖ്യന് സാധിച്ചിരുന്നു. പുതുപ്പള്ളിക്കാർക്ക് മാത്രമല്ല, ഏത് നാട്ടിലും അദ്ദേഹം ജനകീയൻ ആയിരുന്നു. 2004ൽ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ജനങ്ങൾക്കായി ജനസമ്പർക്കം എന്ന പരിപാടി അദ്ദേഹം തുടങ്ങി വച്ചു. ഒരു ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായ തന്നെ മാറ്റിമറിച്ചതായി ജനസമ്പർക്ക പരിപാടി.
ഓരോ നാട്ടിലെയും ജനങ്ങളുടെ പരാതി കേൾക്കുന്നതിനായായിരുന്നു ജനസമ്പർക്ക പരിപാടി നടത്തിയത്. ജനങ്ങളുടെ ഇടയിൽ നിന്ന് അവരുടെ പരാതി കേൾക്കാൻ അദ്ദേഹം ശ്രമിച്ചു. പരാതികൾക്ക് പരിഹാരം കണ്ടെത്താനും അദ്ദേഹം ശ്രമിച്ചു. ഇത് ഉമ്മൻ ചാണ്ടിയെ ജനകീയനായ നേതാവാക്കി മാറ്റി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയും ജനങ്ങളോടുള്ള ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി നിർവഹിച്ചു. വാക്കിൽ മാത്രമായിരുന്നില്ല പ്രവൃത്തിയിലും ഉമ്മൻ ചാണ്ടി അതിവേഗം ബഹുദൂരം നീങ്ങി. ഇടനിലക്കാരില്ലാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നും ഉമ്മൻചാണ്ടി.
19 മണിക്കൂർ വരെ ഒരേ നിൽപ്പ് നിന്ന് ജനങ്ങളുടെ പരാതികൾ കേട്ട മറ്റൊരു മുഖ്യൻ കേരളത്തിനില്ല. ഊണും ഉറക്കവുമില്ലാത്ത നാളുകളായിരുന്നു ഉമ്മൻ ചാണ്ടിക്ക് ആ നാളുകൾ. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അത്രയേറെ ആവേശമായിരുന്നു ആ നേതാവിന്. അഞ്ചര ലക്ഷത്തിലേറെ പരാതികളാണ് അന്ന് അദ്ദേഹത്തിന് ലഭിച്ചത്. അതിൽ മൂന്ന് ലക്ഷത്തോളെ പ്രശ്നങ്ങൾ പരിഹാരം കണ്ടെത്താനും ജനസമ്പർക്കത്തിന്റെ ആദ്യഘട്ടത്തിലൂടെ ഉമ്മൻ ചാണ്ടിക്ക് സാധിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരെ ജനസമ്പർക്ക പരിപാടിയുടെ രീതികളെ കുറിച്ച് അന്വേഷിച്ച് തുടങ്ങിയിരുന്നു. ഏഷ്യ - പസഫിക് മേഖലയില്‍ നിന്നുള്ള മികച്ച പൊതുജനസമ്പര്‍ക്ക പരിപാടിക്കുള്ള യുഎന്‍ അവാര്‍ഡും ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക് പരിപാടിയെ തേടിയെത്തി. ഒരു ഒറ്റയാൾ പോരാട്ടം എന്ന് തന്നെ പറയാമായിരുന്നു അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടി.
ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തെത്തിക്കുന്നത്. തുടർന്ന് ദർബാർ ഹാൾ, തിരുവനന്തപുരത്ത് അദ്ദേഹം സ്ഥിരമായി പോകുന്ന പള്ളി, കെ. പി. സി.സി എന്നിവിടങ്ങളിൽ പെതുദർശനം ഉണ്ടായിരിക്കും. പിന്നീട് വീണ്ടും ജഗതിയിലെ വീട്ടിലേക്ക് രാത്രി എത്തിക്കും.
നാളെ, ബുധനാഴ്ച രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. എംസി റോഡ് വഴിയാണ് കോട്ടയത്തേക്ക് വിലാപയാത്ര. തിരുനക്കര മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ, ജൂലൈ 20ന് ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലാണ് സംസ്കാരം.
ബെംഗളൂരുവിലെ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെ പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവച്ചു. പുതുപ്പള്ളിയിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് അവധിയും രണ്ട് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു.
ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു അദ്ദേഹം. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭയിലെത്തി. രണ്ടു ടേമുകളിലായി ഏഴ് വർഷം മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...