കോട്ടയം: മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി (Oommen Chandy) സംസ്ഥാന നിയമസഭയിൽ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷ പരിപാടികള്‍ ഇന്ന് കോട്ടയത്ത് നടക്കും.
"സുകൃതം സുവർണം" എന്നപേരിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിയ്ക്കുന്നത്. വൈകിട്ട് 5 മണിക്ക് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി (Sonia Gandhi) സൂം ആപ്പിലൂടെ ആഘോഷം ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഹാളിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം.
സാമൂഹിക, രാഷ്ട്രീയ, സാമുദായിക, ആധ്യാത്മിക മേഖലകളിലെ 50 പ്രമുഖവ്യക്തികൾ ആഘോഷ ചടങ്ങില്‍ പങ്കെടുക്കും. രാഹുൽ ഗാന്ധി, എ. കെ.ആന്‍റണി, കെ. സി. വേണുഗോപാൽ, മുകുൾ വാസ്നിക് തുടങ്ങിയവർ ആശംസ നേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വിവിധ മുന്നണിനേതാക്കൾ എന്നിവരും പങ്കെടുക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ചടങ്ങില്‍ ഓണ്‍ലൈനില്‍ 16 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്. വിവിധ മണ്ഡലം കമ്മിറ്റികൾ പൊതുഇടങ്ങളിൽ പരിപാടി കാണാൻ സൗകര്യം ഒരുക്കുന്നുണ്ട്.
Also read: Oommen Chnady@50: ചോദ്യം ചോദിച്ച് മോഹൻലാൽ, വിയോജിപ്പ് അറിയിച്ച് മമ്മൂട്ടി
ചടങ്ങ് ഇപ്രകാരമാണ്: - 3.30 ദേശഭക്തിഗാനം 4.30 ജീവിതരേഖ അവതരണം 5.00 സോണിയാ ഗാന്ധിയുടെ പ്രഭാഷണവും ഉദ്ഘാടനവും 6.00 സമാപനം, ഉമ്മൻചാണ്ടിയുമായി സദസ്സിന്‍റെ മുഖാമുഖം