തിരുവനന്തപുരം: വേനലവധി കഴിഞ്ഞു. ഇനി കുട്ടികള്‍ സ്കൂളിലേയ്ക്ക്. അവധിക്കാലത്തിന്ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തിലേറെ കുട്ടികൾ ഇത്തവണ പുതുതായി അക്ഷരം കുറിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷ. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
അതേസമയം നിപാ വൈറസ് ബാധ മൂലം കോഴിക്കോട് ജൂൺ അഞ്ചിനും, മലപ്പുറത്ത് ആറിനുമാണ് സ്കൂൾ തുറക്കുന്നത്.
ഈ അധ്യായന കാലത്തെ പ്രവേശനോത്സവത്തിന്റെ ആപ്തവാക്യം ‘അക്കാദമിക മികവ്, വിദ്യാലയ മികവ്’ എന്നതാണ്. രാവിലെ 8.30ന് നെടുമങ്ങാട് എല്‍പി സ്കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വരവേല്‍ക്കും. 9 മണിക്കാണ് മുഖ്യമന്ത്രി ഔഗ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക.
പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ റെഡി. പഴഞ്ചന്‍ ക്ലാസ് മുറികൾ സ്മാർട്ടായി തുടങ്ങി. പുത്തനുടുപ്പുകളും ബാഗുകളും കുടകളുമായി സ്കൂളിലേയ്ക്ക് വരാന്‍ കുരുന്നുകളും റെഡിയാണ്. പൊതുവിദ്യാലയങ്ങളിലേക്ക് മുൻ വർഷത്തെ പോലെ ഇത്തവണയും കുട്ടികളുടെ ഒഴുക്കുണ്ടാകുമെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പ്രതീക്ഷ. മുൻ വർഷം ഒന്നരലക്ഷത്തോളം കുട്ടികളാണ് സർക്കാർ എയ്ഡഡ് മേഖലയിലേക്ക് അധികമായി വന്നത്.
വേനലവധിക്കുശേഷം തിങ്കളാഴ്ചയോ ബുധനാഴ്ചയോ സ്കൂൾ തുറക്കുകയെന്ന കീഴ്വഴക്കം മാറ്റി, ഇത്തവണ വെള്ളിയാഴ്ചയാണ് ക്ലാസ് തുടങ്ങുന്നത്.
മാത്രമല്ല, വിദ്യാഭ്യാസ കലണ്ടറിൽ അടിമുടി മാറ്റങ്ങളുമുണ്ട്. ആറ് ശനിയാഴ്ചകളടക്കം 201 പ്രവൃത്തിദിവസമാണ് ലക്ഷ്യം. സ്കൂൾ കലോത്സവം ഡിസംബറിലാകും. എല്ലാ മേളകളും ഡിസംബർ അവധിക്ക് മുമ്പ് തീർക്കും. 2016-17, 17-18 കാലങ്ങളിൽ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് അധ്യാപകർക്ക് നിയമന അംഗീകാരം കിട്ടാത്തതിനാൽ മൂവായിരത്തോളം പേർ ഇത്തവണയും ശമ്പളകാര്യത്തിൽ ആശങ്കയോടെ സ്കൂളുകളിലെത്തുന്നത്.