തിരുവനന്തപുരം: കേരള അതിര്‍ത്തിയായ (Kerala border) സുല്‍ത്താന്‍ ബത്തേരിയും കര്‍ണ്ണാടകത്തിലെ ഗുണ്ടല്‍പേട്ടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത NH 766 ദേശീയപാത 67 ല്‍ കൂടിയുമുള്ള രാത്രികാല യാത്രാനിരോധനം നീക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയില്‍ ഉണ്ടായിരുന്ന ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും (KSRTC) കക്ഷി ചേര്‍ന്നിരുന്നുവെങ്കിലും നിരോധനം ശരിവെച്ചു.
തുടര്‍ന്ന് ഈ വിധിക്കെതിരെ 2010ല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകവേയാണ് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി, രാത്രി യാത്രാ നിരോധനം ഒഴിവാക്കുന്നതിന് എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
ഇതിനായി ഏകദേശം 500 കോടി രൂപ ചെലവ് കണക്കാക്കുകയും ചെയ്തു. ഇതനുസരിച്ച് ഈ തുകയുടെ അമ്പത് ശതമാനം കേരളം വഹിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും 2019-20 ബജറ്റില്‍ 250 കോടി രൂപ വകയിരുത്തുകയും ചെയ്തു. എന്നാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മറ്റൊരു കമ്മിറ്റി രൂപീകരിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാന പാത 90 ഉം ദേശീയപാത 275 ഉം സംയോജിപ്പിച്ച് പുതിയ പാത നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചു. ഇതിന്മേല്‍ സുപ്രീം കോടതി കേന്ദ്രവനം മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുകയും നാറ്റ്പാകിനെ കൊണ്ട് പഠനം നടത്തിക്കുകയും ചെയ്തിരുന്നു. കല്‍പ്പറ്റ- ഗുണ്ടല്‍പ്പേട്ട്- മൈസൂര്‍ റോഡിലാണ് നാറ്റ്പാക് പാത നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്‍റെ ആകെ നീളം 99 കിലോ മീറ്റര്‍ ആണ്. ഇതില്‍ 29.9 കിലോ മീറ്റര്‍ ഭാഗം വനഭൂമിയാണ്. ഇതില്‍ 26 കിലോ മീറ്റര്‍ എലിവേറ്റഡ് ഹൈവെ ആയി നിര്‍മ്മിക്കാനാണ് നാറ്റ്പാക് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ബദല്‍ പാത പ്രായോഗികമല്ലാത്തതിനാല്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ALSO READ: PA Mohammed Riyas: പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ ഇനി പീപ്പിള്‍സ് റസ്റ്റ്ഹൗസുകളെന്ന് പി എ മുഹമ്മദ് റിയാസ്
രാത്രി യാത്രാ നിരോധനം ഒഴിവാക്കുന്നതിന് എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ സെക്രട്ടറി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരുമായി മന്ത്രിതല ചര്‍ച്ച നടത്തുവാന്‍ ഗതാഗത വകുപ്പ് നടപടി സ്വീകരിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...