തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തിന് ശേഷം കേരള ടൂറിസം നല്ല നിലയിലേക്ക് എത്തുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ തിരുവനന്തപുരവും ഇടുക്കിയും വയനാടും ആദ്യ അഞ്ചിൽ ഇടം പിടിച്ചിട്ടുണ്ട്. ടൂറിസം രംഗത്ത് മുൻ വർഷത്തേക്കാൾ വളർച്ചയുണ്ടെന്നും ഇത് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം ആദ്യ പാദത്തിൽ 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാനായെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കൊല്ലത്തെ ആദ്യ മൂന്നു മാസത്തിൽ 16 ലക്ഷം വിനോദ സഞ്ചരികൾ കൂടുതലായി എത്തി. ഇടുക്കിക്കും വയനാടിനും പുറമേ മലപ്പുറം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോഡുണ്ടായെന്നും റിയാസ് പറഞ്ഞു.
ഈ വർഷം രണ്ടാം പാദത്തിൽ സർവകാല റെക്കോഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ആശ്വാസം പങ്കുവച്ചു. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാരോട് അതാത് ടൂറിസം കേന്ദ്രങ്ങളിലെ പട്ടിക ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പട്ടിക കിട്ടിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്താണ് ഇതിൽ ആവശ്യമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോവളം ബീച്ചിനായി ബൃഹത് പദ്ധതിയാണ് തയ്യാറാകുന്നത്. കിഫ്ബിയും ടൂറിസം വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. യുവജനങ്ങളെ ടൂറിസം മേഖലയിലേക്ക് കൊണ്ട് വരും. ഉന്നത വിദ്യാഭ്യാസ- ടൂറിസം വകുപ്പുകൾ ഇതിനായി കൈകോർക്കും. ക്യാമ്പസുകളിൽ ടൂറിസം ക്ലബുകൾ നിർമ്മിക്കുമെന്നും മന്ത്രി റിയാസ് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...