കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ തൃക്കാക്കര എംൽഎഎ ഉമാ തോമസ് വീണ് പരിക്കേറ്റ സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി പൊലീസ്. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തുവെന്ന വകുപ്പാണ് കൂട്ടിച്ചേർത്തിട്ടുള്ളത്. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തെ കുറിച്ചുള്ള സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായതെന്നാണ് സംയുക്ത പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളുമാണ് പരിശോധന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അപകടകരമായാണ് സ്റ്റേജ് നിർമിച്ചതെന്നും അധികമായി നിർമിച്ച ഭാഗത്തിന് ആവശ്യമായ ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
കൂടാതെ വിഐപി സ്റ്റേജിന് അടുത്ത് ആംബുലൻസില്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭിക്കുന്നതിൽ കാലതാമസമുണ്ടാക്കിയെന്ന് സംയുക്ത പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും താത്കാലികമായി യാതൊരു സുരക്ഷയും പാലിക്കാതെയാണ് സ്റ്റേജ് ഉണ്ടാക്കിയതെന്നും പരിശോധനയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടിൽ പറയുന്നു.
കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദമെന്ന പേരിൽ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയിൽ നിന്ന് ഉമ തോമസ് എംഎൽഎ വീണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനുമടക്കം പരിക്കേറ്റ എംഎൽഎ നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്ന സംഘടിപ്പിച്ച പരിപാടിയായിരുന്നു. പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പരിപാടി സംഘടിപ്പിക്കാനായി ജിസിഡിഎ 24 നിർദേശങ്ങൾ നൽകിയിരുന്നുവെന്നും ഇതിൽ പലതും പാലിക്കപ്പെട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. സ്വകാര്യ പരിപാടികൾക്ക് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്. പക്ഷെ ഇവയ്‌ക്കെല്ലാം അനുമതി വാങ്ങാത്തത് ശരിയല്ല. വകുപ്പുകളുടെ വീഴ്ച അന്വേഷണ ഘട്ടത്തിൽ ആണെന്നും പിഡബ്ള്യുഡി, പോലീസ് എന്നിവർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
അതേസമയം ഉമാ തോമസ് എം.എൽ.എയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുള്ളതായി ഡോക്ടർമാരും മകൻ വിഷ്ണുവും അറിയിച്ചിരുന്നു. നിലവിൽ വെന്റിലേറ്ററിലാണ്. ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥ തരണം ചെയ്തെന്ന് പറയാൻ കഴിയില്ല. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂവെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.