കാസർകോട് : നടനും അഭിഭാഷകനുമായ സി.ഷുക്കൂറിനെതിരെ (ഷുക്കൂർ വക്കീൽ) ഭീഷിണി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഷുക്കൂർ വക്കിലും ഭാര്യ ഷീന ഷുക്കൂറും വീണ്ടും വിവാഹിതരായത് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നടനെതിരെ ഭീഷിണി ഉയർന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഷുക്കൂർ വക്കീലിനെതിരെ ഭീഷിണി ഉണ്ടായിരിക്കുന്നത്. ഇത് തുടർന്ന് പോലീസ് വക്കീലിന്റെ വീടിന് സംരക്ഷണം ഒരുക്കുകയും ചെയ്തു.
പിന്തുടർച്ച അവകാശം തന്റെ പെൺമക്കൾക്ക് ഉറപ്പിക്കാൻ വേണ്ടിയാണ് ഷുക്കൂർ വക്കീൽ തന്റെ ഭാര്യയെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ ദിവസം വീണ്ടും വിവാഹം ചെയ്തത്. മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിൽ മാത്രമെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ഇതെ തുടർന്നാണ് ഇരുവരും ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രര്‍ ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്.
രണ്ടുതവണയുണ്ടായ കാര്‍ അപകടമാണ് ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കുകൂടി ആലോചനയെത്താന്‍ കാരണമായതെന്നും ഷുക്കൂര്‍ അറിയിച്ചിരുന്നു. അല്ലാതെ ആരെയെങ്കിലും വെല്ലുവിളിക്കലോ, എന്തിനെയെങ്കിലും ധിക്കരിക്കലോ അല്ല. തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരില്‍ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ തേടുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. മക്കള്‍ക്ക് വേണ്ടി ഞങ്ങൾ വീണ്ടും വിവാഹിതരാകുന്നു എന്നും ഷുക്കൂർ വിവാഹത്തിന് ശേഷം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...