മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു നടനാണ് സുദേവ് നായർ. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം മികവുറ്റതാക്കാൻ സുദേവ് നായർ എപ്പോഴും ശ്രമിക്കാറുണ്ട്. അത് കൊണ്ട് തന്നെ സുദേവിന്റെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കുന്നത് തന്നെയാണ്. ഭീഷ്മ പർവം, അനാർക്കലി, എസ്ര, മിഖായേൽ, സിബിഐ 5, തുടങ്ങി നിരവധി ചിത്രങ്ങൾ സുദേവ് ചെയ്തിട്ടുണ്ട്. ഇപ്പോഴിത തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറയുകയാണ് താരം. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടാണ് സുദേവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്റെ കഥയാണിത്. സിജു വിൽസൺ ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൽ പടവീടൻ തമ്പി എന്ന കഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിക്കുന്നത്.
ആക്ഷൻ രംഗങ്ങളെ കുറിച്ചും ഷൂട്ടിങ് സമയത്ത് സംഭവിച്ച അപകടത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. കോഴിക്കോട് ഗോകുലം മാളില്‍ വെച്ച് നടത്തിയ പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രമോഷനിടെയാണ് സുദേവ് ഇക്കാര്യങ്ങൾ പറഞ്ഞത്.
’വളരെയധികം കഷ്ടപ്പെട്ടാണ് ഞങ്ങൾ ഈ സിനിമ എടുത്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ഞാനൊക്കെ എന്റെ ചോര വരെ കൊടുത്തിട്ടുണ്ട്. ട്രെയിലറിൽ നിങ്ങൾ കണ്ട് കാണും നങ്ങേലി വലിയ കാര്യത്തില്‍ ആ… എന്ന് പറഞ്ഞ് ഒരു സ്റ്റിക്ക് എടുത്ത് എറിയുന്നത്. അത് വന്ന് കൊണ്ടത് എന്റെ നെറ്റിയിലാണ്. ആറ് സ്റ്റിച്ചും ഇടേണ്ടി വന്നു,’ എന്ന് സുദേവ് നായർ പറയുന്നു. വളരെ മികച്ച സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ടെന്നും എന്റര്‍ടെയ്ന്‍മെന്റ് എക്‌സ്പീരിയന്‍സും ലാര്‍ജര്‍ ദാന്‍ ലൈഫ് കാന്‍വാസും ഒക്കെയായി തിയേറ്റിറില്‍ ചെന്ന് പടം കാണുമ്പോള്‍ നിങ്ങളെ വേറെ ഒരു ലോകത്തക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിലെ ഫൈറ്റുകളെ കുറിച്ചും താരം പറയുന്നുണ്ട്. ‘ഇതൊക്കെ നമുക്ക് ഇഷ്ടമുള്ള കാര്യമല്ലേ, നിസ്സാരം. ഒരു ഫ്രാക്ച്ചര്‍, അഞ്ചാറ് സ്റ്റിച്ച് ഇതൊന്നുമില്ലാതെ എന്ത് ആക്ഷന്‍, ഇതൊക്കെ വേണ്ടേ. ഇതിനൊക്കെ വേണ്ടിയാണല്ലോ നമ്മള്‍ ആക്ടര്‍ ആയത്. ഇത്രയും എഫേര്‍ട്ട് എടുത്താണ് നമ്മള്‍ ഓഡിയന്‍സിന് ഒരോ കാര്യങ്ങള്‍ കൊടുക്കുന്നത്,’ സുദേവ് പറഞ്ഞു.
പാൻ ഇന്ത്യൻ ചിത്രമായാണ് പത്തൊൻപതാം നൂറ്റാണ്ടെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബർ എട്ട് ഓണ നാളിൽ പുറത്തിറങ്ങും. ഷാജികുമാര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...