താരാധിപത്യം സിനിമമേഖലയെ പടുകുഴിലാക്കിയെന്ന നിര്‍മ്മാതാക്കളുടെ ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇറങ്ങുന്ന സിനിമകള്‍ എല്ലാം പൂര്‍ണ്ണ പരാജയം ഏറ്റു വാങ്ങുമ്പോഴും താരങ്ങള്‍ ഒരു മര്യാദയുമില്ലാതെ പ്രതിഫലം കൂട്ടുകയാണെന്നും. ലഹരിക്കടിമകളായ നടന്മാര്‍ സെറ്റില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറി സിനിമ പൂര്‍ത്തിയാക്കാന്‍ അനുവധിക്കുന്നില്ല. സിനിമയുടെ എഡിറ്റിംഗില്‍ പോലും അനാവശ്യമായി ഇടപെട്ട് ബുദ്ധിമുട്ടുണ്ടാക്കുകയുമാണെന്നാണ് ആരോപണങ്ങള്‍. ഇതിനു പിന്നാലെ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ നിഗത്തെയും സിനിമയില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂട് പിടിക്കുമ്പോഴാണ് തന്നെ സിനിമയില്‍ നിന്നും വിലക്കിയ സംഭവത്തെക്കുറിച്ച് നവ്യയുടെ വെളിപ്പെടുത്തല്‍.
ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേക്കുറിച്ച് സംസാരിച്ചത്. പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ താനും സിനിമയില്‍ നിന്നും വിലക്ക് നേരിട്ടിരുന്നെന്നും. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. പട്ടണത്തില്‍ സുന്ദരന്‍ എന്ന സിനിമയില്‍ അഭിനയിക്കാനായി നവ്യ കൂടുതല്‍ പണം ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് അമ്മ സംഘടന നടിയെ വിലക്കി. എന്നാല്‍ നടിയുടെ ഭാഗം കേള്‍ക്കാതെയാണ് അന്ന് അങ്ങനെയൊരു നടപടി സ്വീകരിച്ചത്. പിന്നീട് കാര്യത്തില്‍ വ്യക്തത നല്‍കിയതിനു ശേഷമാണ് സിനിമയില്‍ തിരിച്ചെത്തിയതെന്നും ആ സമയത്ത് തന്നെ ബാന്‍ഡ് ക്വീന്‍ എന്നാണ് വിളിച്ചിരുന്നതെന്നും നവ്യ പറയുന്നു. വിവാഹം കഴിഞ്ഞതിനു ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടി വി.കെ.പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ALSO READ: ഇതില്‍ താരസംഘടന പശ്ചാത്തപിക്കണം: നടന്മാരുടെ വിലക്കിനെ വിമര്‍ശിച്ച് വിനയന്‍
അതേസമയം ശ്രീനാഥ് ഭാസിയെയും ഷൈന്‍ നിഗത്തെയും സിനിമയില്‍ നിന്നും വിലക്കിയ സംഭവത്തില്‍ നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയനും പ്രതികരിച്ചിരുന്നു. അദ്ധേഹവും നടന്‍ തിലകനുമെല്ലാം ഒരു കാലത്ത് മലയാള സിനിമാമേഖലയില്‍ നിന്നും വിലക്കപ്പെട്ടവരായിരുന്നു. അന്ന് തന്റെ വിലക്കിനെ നിയമത്തിന്റെ വഴിയാണ് വിനയന്‍ നേരിട്ടത് അതില്‍ വിജയിക്കുകയും ചെയ്തിരുന്നു. തന്റെ ഫേസ് ബുക്കിലൂടെയാണ് വിനയന്‍ സിനിമാസംഘടനയുടെ ഈ നിലപാടിനെ വിമര്‍ശിച്ചത്. കാശു മേടിച്ച് അക്കൗണ്ടിലിട്ടിട്ട് നിര്‍മ്മാതാവിനേം സംവിധായകനേം കൊഞ്ഞനം കുത്തിക്കാണിക്കുന്ന ഏതു നടനാണേലും നടിയാണേലും അവരെ വരച്ച വരയില്‍ നിര്‍ത്തണമെന്നു തന്നെയാണ് തന്റെ അഭിപ്രായം. സിനിമാ സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനൊക്കെ എതിരെ ശക്തവും നിഷ്പക്ഷവുമായ നടപടി ഉണ്ടാകണമെന്ന കാര്യത്തില്‍ സിനിമയേ സ്‌നേഹിക്കുന്ന ആര്‍ക്കും സംശയമുണ്ടാകില്ല.
എന്നാല്‍ താരങ്ങളെ ഈ തോതില്‍ വളര്‍ത്തിയതില്‍ സംഘടനകള്‍ക്കും പങ്കുണ്ടെന്നും അതില്‍ നിങ്ങള്‍ പശ്ചാത്തപിക്കുകയാണ് ആദ്യം വേണ്ടതെന്നും വിനയന്‍ പറഞ്ഞു. സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവന്റെ കൈ വെട്ടാന്‍ ഒറ്റക്കെട്ടായി തയ്യാറായവരാണ് നിങ്ങള്‍. അന്നത്തെ മിക്ക പ്രമുഖരുടെയും നയം അതായിരുന്നുവെന്ന കാര്യം മറക്കരുത്. താരങ്ങള്‍ക്ക് അച്ചടക്കം വേണമെന്നു പറഞ്ഞ തന്നെ കൊല്ലാനാണ് നിങ്ങള്‍ അന്നു നിന്നത്.
വന്‍കിട താരങ്ങള്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ നിങ്ങള്‍ അനുവധിച്ചിരുന്നില്ല. താരങ്ങളുടെ ഇത്തരം രീതികള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ തന്റെ കരിയറും കുടുംബവും തകര്‍ക്കാന്‍ നിങ്ങള്‍ ശ്രമിച്ചു. അന്ന് ഞാന്‍ നടത്തിയ നിയമ പോരാട്ടങ്ങളാണ് എന്നെ ഇന്ന് ഈ നിലയില്‍ വിജയിക്കാന്‍ സഹായിച്ചതെന്നും. എന്നേയും എന്റെ അമ്മയേയും എഡിറ്റു ചെയ്ത പോര്‍ഷന്‍ കാണിച്ച് ബോദ്ധ്യപ്പെടുത്തിയാലേ ഞാനിനി അഭിനയിക്കാന്‍ വരൂ എന്ന് പ്രത്യേകിച്ച് ഒരു മാര്‍ക്കറ്റുമില്ലാത്ത ഷെയിന്‍ നിഗം എന്ന നടന്‍ പോലും പറയുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിയെങ്കില്‍ അതിനേക്കുറിച്ച് സംഘടനാ നേതാക്കള്‍ ഇപ്പോ വിലപിച്ചിട്ടു കാര്യമില്ലയെന്നും വിനയന്‍ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...