ദുൽഖര്‍ നായകനായ 'സോളോ' സിനിമ റിലീസ് ചെയ്ത ദിവസം മുതല്‍ സമൂഹമാധ്യമങ്ങളിലൂടെ അതിന് നേരിടുന്ന വിമര്‍ശനങ്ങളില്‍ മനംനൊന്ത് സിനിമയെ കൂവിയും മോശം പ്രചാരണം നടത്തിയും നശിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി ദുൽഖര്‍ സല്മാന്. ഫെയ്സ്ബൂക്കിലൂടെയാണ് വികാരനിർഭരമായൊരു കുറിപ്പില്‍ ദുൽക്കർ തന്റെ ദുഃഖം രേഖപ്പെടുത്തിയത്. ‘സോളോയെ കൊല്ലരുത്, ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.’ ഇങ്ങനെയൊരു തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. 'ഇത് നീണ്ടതാണ്! അതുകൊണ്ട് വായന ഇഷ്ടപ്പെടാത്തവർക്ക് ഇത് നിരസിക്കാം' എന്ന അടികുറിപ്പുമുണ്ട്.
ഇംഗ്ലീഷില്‍ ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നതിങ്ങനെ:
സോളോ കണ്ട ശേഷം ഇതിനെുറിച്ച് ഒരു കുറിപ്പെഴുതണം എന്നു കരുതിയതാണ്. എന്നാല്‍, തിരക്കു കാരണം അതിന് ഇതുവരെയും സാധിച്ചിരുന്നില്ല.എന്നാല്‍, ഇന്ന് ഞാൻ സോളോ കണ്ടു. മനസ്സില്‍ കരുതിയതിനേക്കാള്‍ എത്രയോ നന്നായിരിക്കുന്നു അത്. സിനിമയിലെ ഓരോ നിമിഷവും എനിക്ക് ആസ്വാദ്യകരമായിരുന്നു. ഭാഷയുടെ കാര്യത്തിലോ അല്ലാതെയോ ചെറിയ ചെറിയ പ്രശ്നങ്ങൾ സിനിമയ്ക്ക് ഉണ്ടാകുന്നത് സ്വഭാവികം. കൂടാതെ ഇതൊരു ബഹുഭാഷാ ചിത്രം കൂടിയാണ്. ശേഖറിന്റെ ട്രാക്കിന് കുറച്ചുകൂടി ദൈര്‍ഘ്യമുള്ള സ്ക്രീന്‍ സമയം വേണമായിരുന്നു. എങ്കിലും ഞാന്‍ ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പിനെ പരിപൂര്‍ണമായി ഇഷ്ടപ്പെടുന്നു. അതായത് സംവിധായകന് ബിജോയ് നമ്പ്യാര്‍ യാഥാര്‍ഥ്യമാക്കിയ പതിപ്പിനെ.
സോളോയെ പോലുള്ള ചിത്രങ്ങള്‍ അഭിനേതാക്കളുടെ സ്വപ്നമാണ്. അത് കേട്ട ആ നിമിഷം മുതല്‍ ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. ചിത്രീകരണത്തിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു. സ്ക്രീനില്‍ കണ്ടപ്പോഴും എനിക്കിഷ്ടമായി. ഈ ചിത്രത്തിനുവേണ്ടി ഞാന്‍ എന്റെ ഹൃദയവും ആത്മാവും നല്‍കിയിരിക്കുകയാണ്. ഞങ്ങള്‍ ചോര നീരാക്കിയാണ് ഇത്രയും കുറഞ്ഞൊരു ബജറ്റില്‍ ഇത്ര വലിയ ചിത്രം യാഥാര്‍ഥ്യമാക്കിയത്. ഇതുപോലെ ഞാന്‍ വിശ്വസിക്കുന്ന, വ്യത്യസ്തമായ ചിത്രങ്ങള്‍ക്കുവേണ്ടി ഇങ്ങനെ വീണ്ടും അധ്വാനിക്കാനും ആത്മസമര്‍പ്പണം നടത്താനും ഞാന്‍ ഒരുക്കമാണ്.
ചാര്‍ലിയെയോ ബാംഗ്ലൂര്‍ ഡെയ്സിനെയോ പോലുള്ള ചിത്രമല്ല സോളോ എന്ന് ആളുകള്‍ എന്നോട് പറയാറുണ്ട്. എന്തു കൊണ്ടാണ് ഈ ചിത്രം ചെയ്തതെന്ന് പലരും എന്നോട് ചോദിച്ചു. ഇത് ഒഴിവാക്കാമായിരുന്നില്ലെ എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അനാവശ്യമാണെന്നാണ് ചിലര്‍ പറഞ്ഞത്. നിങ്ങള്‍ക്ക് അറിയുമോ ഇതുകൊണ്ടൊക്കെ തന്നെയാണ് ഞാന്‍ ഇതില്‍ അഭിനയിച്ചത്. വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് എനിക്ക് ആഗ്രഹം. വ്യത്യസ്തതയെക്കുറിച്ച് എല്ലാവരും പറയുമ്പോള്‍ ഒരു വിഭാഗം വ്യത്യസ്തമായ ഒരു ചിത്രത്തെ എന്തിനാണ് കളിയാക്കുന്നത്.
എവിടെ പോകുമ്പോഴും കഥകള്‍ തിരയുന്ന ആളാണ് ഞാന്‍. കഥ പറയാന്‍ എനിക്ക് ധൈര്യം നല്‍കുന്നത് എന്റെ പ്രേക്ഷകരായിരുന്നു. നല്ലൊരു കഥ നന്നായി പറഞ്ഞാല്‍ അവര്‍ ആസ്വദിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. നല്ലതോ ചീത്തതോ ആയിക്കോട്ടെ, തിരക്കഥകള്‍ സ്വീകരിക്കുന്നത് എന്റെ സ്വന്തം താത്പര്യപ്രകാരമാണ്.
അതുകൊണ്ട് തന്നെ സോളോയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ട്രാക്കായ രുദ്രയുടെ കഥയെ ആളുകള്‍ കളിയാക്കുകയും കൂവുകുയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. എല്ലാവരും ആവേശത്തോടെയാണ് ഈ ചിത്രം ചെയ്തത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ഹാസ്യത്തിലൂടെ ഏറ്റവും മികച്ച രീതിയില്‍ അത് പറയണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അതുകൊണ്ട് കൃത്രിമമായ ഹാസ്യമാണെന്ന് ആളുകള്‍ പറയുന്നത് എന്തുകൊണ്ടാണ് എന്ന് മനസിലാകുന്നില്ല.
സുഹാസിനിക്കൊപ്പമുള്ളത് കരിയറില്‍ ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും മികച്ച സീനുകളില്‍ ഒന്നായിരുന്നു. യാതൊരു മുന്‍ മാതൃകയുമില്ലാതെയാണ് ഒറ്റ ഷോട്ടിലുള്ള ആ സീന്‍ ഞാന്‍ അഭിനയിച്ചത്. ജീവിതത്തിലെ മറ്റേത് സീനിനേക്കാള്‍ ആ സീന്‍ ഞാന്‍ ആസ്വദിച്ചിരുന്നു. ബിജോ അതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. രസകരമായിരുന്നു കട്ട് പറഞ്ഞ നിമിഷം. രസകരമായിരുന്നു അതിന്റെ ഡബ്ബിങ്. സ്ക്രീനില്‍ കണ്ടപ്പോഴും രസമുണ്ടായിരുന്നു. എന്നിട്ടും ആളുകള്‍ക്ക് അത് മനസ്സിലാകാതെ പോയത് എനിക്ക് മനസ്സിലാകുന്നില്ല. കറുത്ത ഹാസ്യം എന്നും ഇത്തരത്തില്‍ തന്നെയാണ്.
ഞങ്ങള്‍ ലക്ഷ്യമിട്ടതും ഇതു തന്നെയായിരുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാവാത്തതു കൊണ്ട് അതിനെ തിയറ്ററില്‍ കളിയാക്കുന്നതും കൂവുന്നതും മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതും മോശമായി ചിത്രീകരിക്കുന്നതും അതിനെ കൊല്ലുന്നതിന് തുല്യമാണ്. അത് ഞങ്ങളുടെ ഹൃദയവും മനസ്സും തകര്‍ക്കുകയാണ്. ഇത്രയും കാലം നല്കിയ സകല ആത്മധൈര്യവും തകര്‍ക്കുകയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. ദയവു ചെയ്ത് സോളോയെ കൊല്ലരുത്. അതിന്റെ പ്രദര്‍ശനം തുടരട്ടെ. തുറന്ന മനസ്സോടെ കണ്ടാല്‍ അത് നന്നായി ഓടും.
ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പമാണ്. അയാളുടെ ആഖ്യാനത്തിനൊപ്പമാണ്. അതുമായി ഒരു ബന്ധവുമില്ലാത്തവര്‍ വെട്ടുന്നതും സീനുകള്‍ മാറ്റിമറിക്കുന്നതും അതിനെ കൊല്ലാനേ സഹായിക്കൂ.
ദുല്‍ഖറിന്റെ പോസ്റ്റ് കാണാം: