മാർവലിന്‍റെ 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസിന്റെ' ഒടിടി റിലീസ് ഉടൻ. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. ജൂൺ 22 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മെയ് 6 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. മാർവൽ ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലെത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടാനും കഴിഞ്ഞിരുന്നു.
ഇന്ത്യയിലെ ഹോളിവുഡിൻറെ നാലാമത്തെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷനാണ് ഡോക്ടർ സ്ട്രെയിഞ്ച് ഇൻ മൾട്ടി യൂണിവേഴ്സ് ഓഫ് മാഡ്നെസിന് ലഭിച്ചത്. 2016 ൽ പുറത്തിറങ്ങിയ ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്'. . ബെനഡിക്ട് കംബർബാച്ച് ആണ് ചിത്രത്തിൽ ഡോക്ടർ സ്ട്രെയ്ഞ്ചായി എത്തുന്നത്. ഇദ്ദേഹത്തിനോടൊപ്പം എലിസബത്ത് ഓൾസൺ, സ്കാർലറ്റ് വിച്ച് ആയി അഭിനയിക്കുന്നുണ്ട്. ഷോസിലിൻ ഗോമസ് അമേരിക്കൻ ചാവെസ് എന്ന സൂപ്പർ ഹീറോയായി ഈ സിനിമയിൽ എത്തുന്നുണ്ട്.
ഇതിന് മുൻപ്, ഡോക്ടർ സ്ട്രെയ്ഞ്ച്, തോർ റാഗ്നറോക്, അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, അവഞ്ചേഴ്സ് എൻഡ് ഗെയിം, സ്പൈഡർമാൻ നോ വേ ഹോം എന്നീ ചിത്രങ്ങളിലാണ് ഡോക്ടർ സ്ട്രെയ്ഞ്ച് എന്ന സൂപ്പർഹീറോ കഥാപാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് ചിത്രത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് എലിസബത്ത് ഓൾസണ്‍ അവതരിപ്പിച്ച വാണ്ട എന്ന കഥാപാത്രമാണ്. എലിസബത്ത് ഓൾസണ്‍ ഒരേ സമയം പ്രേക്ഷകരെ ഭയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ച വച്ചത്.
സാം റാമിയുടെ സംവിധാനം തന്നെയാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. വിഖ്യാതനായ ഹൊറർ സിനിമകളുടെ സംവിധായകൻ സാം റൈമി മാർവലിന്‍റെ ആദ്യ ഹൊറർ ചിത്രമായ ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് മികച്ച രീതിയിൽ തന്നെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ബെനഡിക്റ്റ് കംബർബച്ച് അവതരിപ്പിച്ച ഡോക്റ്റർ സ്ട്രെയ്ഞ്ച് എന്ന കഥാപാത്രത്തിന് അധികം കയ്യടി നേടാൻ സാധിച്ചിരുന്നില്ല.
ചിത്രം ഡി.സിയുടെ 'ദി.ബാറ്റ്മാൻ' എന്ന ചിത്രത്തിന്‍റെ കളക്ഷൻ റെക്കോഡ് ഭേദിച്ച് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരുന്നു. മാർച്ചിൽ പുറത്തിറങ്ങിയ ഡി.സിയുടെ ദി ബാറ്റ്മാൻ ആയിരുന്നു നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിക്കുന്ന ചിത്രം. ഈ ചിത്രം 769 മില്ല്യൺ യു.എസ് ഡോളർ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. എന്നാൽ ഈ മാസം ആറിന് പുറത്തിറങ്ങിയ 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്' ഒരു മാസത്തിനുള്ളിൽ ഈ കളക്‌ഷൻ കടത്തിവെട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...