വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്താടാ സജിയിലെ പുതിയ ഗാനം പുറത്തുവിട്ടു. ആത്മാവിൽ നിറയുന്നൊരു എൻ ദൈവമേ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വില്യം ഫ്രാൻസിസ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് അർഷാദ് റഹിമാണ്. ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമനാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൽ നായികയായി എത്തുന്നത് നിവേദ തോമസാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എന്താടാ സജി.
ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ നവംബറിൽ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വിശുദ്ധന്റെ രൂപത്തിലാണ് കുഞ്ചാക്കോ ബോബനെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ജയസൂര്യയും നിവേദയും ഒന്നിച്ചിരിക്കുന്ന ചിത്രവും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ട്. ഗോഡ്‌ഫി സേവ്യർ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ റോളിലാണ് ജയസൂര്യ എത്തുന്നത്. ചിത്രത്തില്‍ തുല്യപ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് കുഞ്ചാക്കോ ബോബനും അവതരിപ്പിക്കുന്നത് എന്നാണ് സൂചനകള്‍. കഴിഞ്ഞ വർഷം നവംബറിൽ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബന്റെ കഥാപാത്രവും ജയസൂര്യയുടെ കഥാപാത്രവും തമ്മില്‍ സംസാരിക്കുന്ന രീതിയിലാണ് മോഷന്‍ പോസ്റ്റര്‍. ഫാമിലി എന്‍റര്‍ടെയ്നർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് എന്താടാ സജി. മാജിക് ഫ്രെയിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനാണ്.
റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയി ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ദോസ്ത് എന്ന ദിലീപ് - കുഞ്ചാക്കോ ബോബൻ സിനിമയിൽ ജയസൂര്യ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെങ്കിലും സ്വപ്‌നക്കൂട് എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ - കുഞ്ചാക്കോ ബോബൻ കോമ്പിനേഷൻ ആദ്യമായി ഒന്നിച്ചത്. കിലുക്കം കിലുകിലുക്കം, ത്രീ കിംഗ്‌സ് , ഗുലുമാൽ, ലോലിപോപ്പ്, 101 വെഡ്ഡിംഗ്, സ്‌കൂള്‍ ബസ്, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ സിനിമകളിലും ഇവര്‍ ഒന്നിച്ചു. ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു മികച്ച സിനിമാനുഭവം തന്നെയാവും ലഭിക്കുകയെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...