മലയാളത്തിലെ യുവ താരം ശ്രീനാഥ് ഭാസി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിൽ അവതാരകയോട് മോശമായി പെരുമാറിയത് സംബന്ധിച്ച് ചൂട് പിടിച്ച ചർച്ചകൾ മാധ്യമങ്ങളിൽ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ ചലച്ചിത്ര താരങ്ങൾ സ്ഥാനത്തും അസ്ഥാനത്തും പറയുന്ന പ്രസ്ഥാവനകൾ അഭിമുഖങ്ങളെ വിവാദ വേദികളാക്കി മാറ്റാറുണ്ട്. പലപ്പോഴും വൻ വിവാദങ്ങളിൽ നിരന്തരം ചെന്ന് ചാടാറുള്ളവരാണ് ബോളിവുഡ് സിനിമാ താരങ്ങള്‍. വിവാദങ്ങൾക്ക് പലപ്പോഴും വേദികളാകുന്നതാകട്ടെ അഭിമുഖങ്ങളും. പലപ്പോഴും താരങ്ങൾ കളിയായും കാര്യമായും പറയുന്ന പല അഭിപ്രായങ്ങളും പാപ്പരാസി മാധ്യമങ്ങൾ വലിയ ചർച്ചകൾ ആക്കി മാറ്റാറുണ്ട്. ഇത്തരത്തിൽ വൻ വിവാദങ്ങൾക്ക് വഴി തെളിച്ച ചില പ്രമുഖ ബോളിവുഡ് താരങ്ങളുടെ അഭിമുഖങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
കോണ്ടം ബ്രാന്റ്
ബോളിവുഡിലെ വിവാദ അഭിമുഖങ്ങളിൽ പകുതിയിലധികവും പിറവിയെടുത്തത് പ്രമുഖ നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന അഭിമുഖത്തിലാണ്. ബോളിവുഡ് താരങ്ങളോട് കരൺ ജോഹർ ചോദിക്കുന്ന തമാശ കലർന്ന ചോദ്യങ്ങളാണ് പലപ്പോഴും വിവാദങ്ങൾക്ക് വഴി തെളിക്കുന്നത്. കോഫി വിത്ത് കരണിലെ ചോദ്യങ്ങളാണ് ഇപ്പോൾ മലയാളം ഓൺലൈൻ മാധ്യമങ്ങളിലെ അഭിമുഖങ്ങളിലും ആവർത്തിച്ച് കാണാറുള്ളത്.
കോഫി വിത്ത് കരൺ വിവാദങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നായിരുന്നു ദീപിക പദുക്കോൺ, സോനം കപൂർ എന്നീ അഭിനേതാക്കള്‍ ഒന്നിച്ച് പങ്കെടുത്ത ഒരു അഭിമുഖത്തിലേത്. ഈ അഭിമുഖത്തിൽ കരൺ ജോഹർ ദീപിക പദുക്കോണിനോട് രൺബീർ കപൂറിനെക്കുറിച്ച് ചോദിച്ച ഒരു ചോദ്യമാണ് വിവാദങ്ങൾക്കിടയാക്കിയത്. രൺബീർ കപൂർ ഏത് പ്രോഡക്ടിന്റെ പ്രമോഷനാണ് മോഡൽ ആകേണ്ടത് എന്ന തമാശ കലർന്ന കരൺ ജോഹറിന്റെ ചോദ്യത്തിന് ദീപിക 'ഒരു കോണ്ടം ബ്രാന്റ്' എന്ന് മറുപടി നൽകിയതായിരുന്നു വിവാദമായത്.
രൺബീർ കപൂർ, ദീപിക പദുക്കോൺ എന്നിവർ വളരെ നാൾ പ്രണയത്തിലായിരുന്നവരാണ്. അവർ തമ്മിലെ പ്രണയ ബന്ധം ഇല്ലാതായപ്പോൾ ദീപിക പദുക്കോൺ വിഷാദ രോഗത്തിലകപ്പെട്ടതും ബോളിവുഡ് സിനിമാ ലോകത്തെ വലിയ വാർത്തകളായിരുന്നു. ദീപികയുടെ മറുപടിയെ പലരും ഇതുമായി കൂട്ടിക്കലർത്തിയതോടെയാണ് വിവാദങ്ങൾ ചൂട് കൂടിയത്. പിന്നീട് താൻ ഈ പരാമർശം ഒരു തമാശയായി പറഞ്ഞതാണെന്ന് ദീപിക പദുക്കോൺ വ്യക്തമാക്കിയതോടെയാണ് ചർച്ചകൾ അവസാനിച്ചത്.
പൊതു സമൂഹത്തിന് മുന്നിൽ കാമുകിയായി അംഗീകരിക്കാനാകില്ല
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണാ റണാവത്ത്. കങ്കണ അഭിമുഖങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നടത്തുന്ന പല പരാമർശങ്ങളും മാധ്യമങ്ങളിൽ വലിയ വിവാദമാകാറുണ്ട്. ബോളിവുഡിലെ നെപ്പോട്ടിസത്തിനെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയർത്തിയ നായിക കൂടിയാണ് കങ്കണ. രാജത് ശർമ്മ അവതരിപ്പിക്കുന്ന ആപ് കി അദാലത്ത് എന്ന പ്രശസ്തമായ ടെലിവിഷൻ ഷോയിൽ വച്ച് കങ്കണ സൂപ്പർ താരം ഹൃത്തിക് റോഷനെതിരെ നടത്തിയ ചില വെളിപ്പെടുത്തലുകൾ ബോളിവുഡ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
കങ്കണ ഈ ഷോയിലെത്തുന്നതിന് മുൻപ് തന്നെ ഹൃത്തിക് റോഷനുമായി പ്രണയത്തിലാണെന്ന തരത്തിലെ റൂമറുകൾ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് രാജത് ശർമ്മ ചോദിച്ച ചോദ്യത്തിനാണ് കങ്കണ ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകൾ നടത്തിയത്. താരത്തിന്റെ വാക്കുകളിലേക്ക്. 'എന്നെ ഒരിക്കലും പൊതു സമൂഹത്തിന് മുന്നിൽ കാമുകിയായി അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യമാണ്.
പക്ഷെ അതിന്റെ പേരിൽ ഹൃത്തിക് തന്റെ ഭാര്യയെ ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാനാണ് അദ്ദേഹത്തിനോട് എന്നെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. അല്ലാതെ ഞാൻ ആരുടെയും മുന്നിൽ ഒരിക്കലും വഞ്ചിക്കപ്പെട്ടതല്ല' ഇതായിരുന്നു അപ് കി അദാലത്തിൽ കങ്കണ നടത്തിയ വിവാദ പരാമർശം. ഹൃത്തിക് റോഷനും അദ്ദേഹത്തിന്റെ പിതാവ് രാകേഷ് റോഷനും പിന്നീട് പല വേദിയിലും കങ്കണ പറഞ്ഞത് നിഷേധിച്ചിരുന്നു എങ്കിലും കുറച്ച് കാലത്തേക്കെങ്കിലും ഹൃത്തിക് റോഷന്റെ കുടുംബത്തിന്റെ ഉറക്കം കളയാൻ ഈ അഭിമുഖത്തിനായി.
ഷാഹിദിന്റെ പോത്ത്
ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളിലൊന്നായി കണക്കാക്കപ്പെട്ടവരായിരുന്നു കരീന കപൂർ, ഷാഹിദ് കപൂർ എന്നിവർ. ഇരുവരും ജബ് വി മെറ്റ്, ചുപ്പ് ചുപ്പ് കെ എന്നീ സിനിമകളിൽ ഒന്നിച്ചഭിനയിക്കുന്ന സമയമായിരുന്നു ഇരുവർക്കുമിടയിൽ പ്രണയം ഉണ്ടാകുന്നത്. എന്നാൽ ഇത് അധിക കാലം നീണ്ട് നിന്നില്ല. ഇരുവരും ഇരു വഴിക്ക് പിരിഞ്ഞു. ബോളിവുഡ് ലോകത്തിന് തീർത്തും അപ്രതീക്ഷിതമായിരുന്നു ഈ വാർത്ത.
ഇരുവരും പിരിഞ്ഞ ശേഷം ഒരു സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഷാഹിദ് കപൂർ പങ്കെടുത്ത പ്രസ്സ് മീറ്റിൽ മാധ്യമ പ്രവർത്തകർ കരീന കപൂറിനൊപ്പം ഇനിയും അഭിനയിക്കുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ഷാഹിദ് കപൂർ പറഞ്ഞത് എന്റെ സംവിധായകൻ എന്നോട് ഒരു പശുവിനൊപ്പമോ പോത്തിനൊപ്പമോ അഭിനയിക്കാൻ പറഞ്ഞാലും ഞാൻ തയ്യാറാണ് എന്നാണ്.
കരീന കപൂറിനെ പരോക്ഷപായി പോത്തിനോട് ഉപമിച്ച് നടത്തിയതാണ് ഈ പരാമർശം എന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചതോടെ ഷാഹിദ് കപൂർ കുഴപ്പത്തിലായി. പാപ്പരാസികൾ ഇത് വിവാദമായി മാറ്റിയെങ്കിലും ഷാഹിദ് കപൂർ ഇതിൽ യാതൊരുവിധ വിശദീകരണവും നൽകിയില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം ഷാഹിദ് കപൂറും കരീന കപൂറും ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തിൽ ഒന്നിച്ച് വെള്ളിത്തിരയിലെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...