നീണ്ട് ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി സനുഷ സന്തോഷ് മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നിലവിൽ മൂന്ന് പ്രോജക്ടുകളുടെ ഭാഗമാണ് സനുഷ. അതിൽ ആദ്യത്തെ ചിത്രമായ ജലധാര പമ്പ്സെറ്റ് സിൻസ് 1962 റിലീസിന് ഒരുങ്ങുകയാണ്. മറ്റ് രണ്ട് ചിത്രങ്ങൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. റീ എൻട്രിയിൽ ആവേശഭരിതയായ സനുഷ തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം സീ മലയാളം ന്യൂസുമായി സംസാരിക്കുന്നു...
- വലിയ ഇടവേളയ്ക്ക് ശേഷം ജലധാര പമ്പ്സെറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് സനുഷ. ഇത്രയും കാലം ഇത് എവിടെയായിരുന്നു?
ഇത്രയും കാലം ഇവിടെ തന്നെ ഉണ്ടായിരുന്നു. പഠിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമ പ്രോജക്ടുകളുടെ തിരക്കുകൾക്കൊപ്പം എന്റെ മാസ്റ്റേഴ്സ് പഠനവും മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. മലയാള സിനിമയിൽ നിന്ന് മാത്രമേ ഞാൻ ഇടവേള എടുത്തിട്ടുള്ളൂ. മുമ്പ് ചെയ്ത വേഷങ്ങളേക്കാൾ കൂടുതൽ കൗതുകകരമായ റോളുകൾ ചെയ്യാനാണ് ആഗ്രഹം. മലയാളത്തിൽ ഞാൻ ഒരു സിനിമ ചെയ്തിട്ട് 6 വർഷമായി. തീർച്ചയായും നമ്മുടെ ഇൻഡസ്ട്രിയിലേയ്ക്ക് തിരിച്ചുവരുന്നതിൽ അതിയായ സന്തോഷമുണ്ട്. മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ സിനിമകൾ ചെയ്യുമ്പോഴും മലയാള സിനിമയെ വല്ലാതെ മിസ് ചെയ്തിരുന്നു. ഇഷ്ടപ്പെട്ട പ്രോജക്ടിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. നിലവിൽ മൂന്ന് മലയാളം സിനിമകൾ ചെയ്തു കഴിഞ്ഞു. അതിൽ രണ്ട് സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ALSO READ: ജയിലർ കാണാൻ ഫ്രീ ടിക്കറ്റും, ലീവും; ഓഗസ്റ്റ് 10-ന് വെറൈറ്റി ആയിക്കോട്ടെയെന്ന് കമ്പനി
- സിനിമയിൽ നിന്ന് ഇത്രയേറെ കാലം വിട്ടുനിൽക്കാനുണ്ടായ സാഹചര്യം എന്താണ്?
സിനിമ വിട്ട് ഞാൻ എവിടെയും പോയിട്ടില്ല. സിനിമയാണ് എന്റെ ജീവിതം. സിനിമ വിട്ട് എവിടെയും പോകുകയുമില്ല. ചിലപ്പോൾ അഭിനയിക്കുന്നത് മറ്റ് ഭാഷകളിലായിരിക്കാം. എന്നാലും ഞാൻ ഈ മേഖലയിൽ തന്നെയുണ്ടാകും.
- എന്തെല്ലാമാണ് തിരിച്ചുവരവിലെ പ്രതീക്ഷകൾ?
മലയാളത്തിലേയ്ക്കുള്ള തിരിച്ചുവരവിൽ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകണം എന്ന് തന്നെയാണ് പ്രതീക്ഷ. എന്നെന്നും ഓർത്തിരിക്കാൻ കഴിയുന്ന കഥാപാത്രങ്ങളും പ്രോജക്ടുകളും ചെയ്യണം. ശരിക്കും പറഞ്ഞാൽ ഇനി കൂടുതൽ സിനിമകൾ ചെയ്ത് കരിയറിൽ ഫോക്കസ് ചെയ്യാൻ പോകുകയാണ്. നിലവിൽ കുറച്ച് പ്രോജക്ടുകൾ മാത്രമേ ചെയ്യുന്നുള്ളൂ. പ്രൊഫഷണലി ഒരു ആക്ടർ എന്ന നിലയിൽ വളരാൻ സഹായിക്കുന്ന പ്രോജക്ടുകളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എപ്പോഴാണോ പ്രോജക്ടുകൾ ഫൈനലൈസ് ചെയ്യുന്നത്, അപ്പോൾ തന്നെ അക്കാര്യം എല്ലാവരുമായും പങ്കുവെയ്ക്കുന്നതാണ്.
- ജലധാര പമ്പ്സെറ്റ് എന്ന സിനിമയെ കുറിച്ച് പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. ചിത്രത്തിൽ ചിപ്പി എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ഉർവശി ആന്റിയുടെ മകളുടെ വേഷമാണ് ചെയ്യുന്നത്. നല്ല ക്രൂ ഉള്ള, നല്ല സ്റ്റോറിയുള്ള, ഉർവശി ആന്റി, ഇന്ദ്രൻസ് അങ്കിൾ, രവി അങ്കിൾ, ജോണി ആൻ്റണി അങ്കിൾ തുടങ്ങിയ മികച്ച താരങ്ങൾ ജീവൻ നൽകിയ, മത്സരിച്ച് അഭിനയിച്ച് തകർത്ത ഒരു നല്ല സിനിമ തന്നെ ആയിരിക്കും ജലധാര പമ്പ്സെറ്റ്.
- 7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ചിത്രം. ജലധാര പമ്പ്സെറ്റ് സിൻസ് 1962 എന്ന ചിത്രത്തിലേയ്ക്ക് എന്താണ് സനുഷയെ ആകർഷിച്ചത്?
ജലധാര പമ്പ്സെറ്റ് എന്ന ചിത്രത്തിലേയ്ക്ക് ആകർഷിച്ചത് ആദ്യം എന്റെ കഥാപാത്രം തന്നെയാണ്. പിന്നെ കഥയും ക്രൂവും. ഉർവശി ആൻ്റിയുടെ മകളായാണ് ഞാൻ അഭിനയിക്കുന്നത്. എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ചിപ്പി. മികച്ച താരങ്ങൾ അണിനിരക്കുന്ന ഒരു ഫാമിലി എന്റർടെയ്ൻമെന്റാണ് ജലധാര പമ്പ്സെറ്റ്.
- വളരെ സീനിയറായ താരങ്ങളോടൊപ്പം കുട്ടിക്കാലത്ത് തന്നെ അഭിനയിച്ചയാളാണ് സനുഷ. എന്നാലും വലിയ ഇടവേളയ്ക്ക് ശേഷം ഇന്ദ്രൻസ്, ഉർവ്വശി എന്നിവരോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം എന്തായിരുന്നു?
ഉർവശി ആന്റിയോടൊപ്പം വർക്ക് ചെയ്യുക എന്നത് എന്നും എൻ്റെ സ്വപ്നമായിരുന്നു. ഉർവശി ആന്റിയ്ക്കൊപ്പം ഒരു സ്ക്രീൻ പങ്കിടുക എന്നത് എന്നെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്. ഉർവശി ആൻ്റിയുടെ ഭാവങ്ങൾ കണ്ട് ഞാൻ അതിശയിച്ച് നിന്നിട്ടുണ്ട്. ഒരു ആക്ടർ എന്ന നിലയിൽ ഉർവശി ആൻ്റിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്. ഉർവശി ആൻ്റിയ്ക്കൊപ്പം വർക്ക് ചെയ്യാനും ഭയങ്കര രസമാണ്.
- സിനിമയിൽ നിന്ന് പൂർണമായി വിട്ടുനിന്ന സമയത്ത് സനുഷയെ തേടി ഓഫറുകൾ എത്തിയിട്ടുണ്ടാകുമല്ലോ? ആ കഥാപാത്രങ്ങളിൽ വേണ്ടെന്ന് വെച്ച ഏതെങ്കിലും ഒന്നിനെ കുറിച്ച് ഇപ്പോൾ നഷ്ടബോധം തോന്നുന്നുണ്ടോ?
സിനിമയിൽ നിന്ന് ഞാൻ പൂർണമായി വിട്ടുനിന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എനിയ്ക്ക് അർഹിച്ചത് എന്താണോ അത് എന്നെ തേടി വരും എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് ഞാൻ. നമ്മൾക്കല്ലാത്ത കാര്യങ്ങളെ കുറിച്ച് നമ്മൾ റിഗ്രറ്റ് ചെയ്യണ്ട ആവശ്യമുണ്ടോ? എനിയ്ക്ക് അങ്ങനെ തോന്നുന്നില്ല. ഒരുപാട് കഥകൾ കേട്ടിരുന്നു. അതിൽ ഒന്നും ചെയ്തില്ല എന്നുണ്ടെങ്കിൽ അത് ഞാൻ ചെയ്യണ്ട കഥാപാത്രങ്ങളല്ല എന്ന് പൂർണബോധ്യം ഉള്ളതുകൊണ്ട് തന്നെ ആണ്. പിന്നെ പരീക്ഷാ സമയത്ത് വന്ന ചില സിനിമകൾ വേണ്ട എന്ന് വെച്ചിട്ടുണ്ട്. പക്ഷേ, അതിൽ നഷ്ടബോധം ഒന്നും തോന്നിയിട്ടില്ല. കഴിഞ്ഞ കാര്യങ്ങൾ ആലോചിച്ച് റിഗ്രറ്റ് ചെയ്യുന്ന ഒരാളല്ല ഞാൻ. ഇനിയും ഒരുപാട് കഥകളും കഥാപാത്രങ്ങളും വരുമല്ലോ, ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ.
- 2023 എന്ന വർഷം മലയാള സിനിമ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്തൊക്കെയാണ് ഭാവി പ്രോജക്ടുകൾ?
നിലവിൽ മൂന്ന് പ്രോജക്ടുകളാണ് റിലീസ് ചെയ്യാനുള്ളത്. അതിൽ ആദ്യത്തേതാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. മരതകം, ലിക്കർ അയലണ്ട് എന്നിവയാണ് മറ്റ് രണ്ട് പ്രോജക്ടുകൾ. വരാനിരിക്കുന്ന സിനിമകളെ കുറിച്ച് വൈകാതെ തന്നെ എല്ലാവരെയും അറിയിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...