നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആരാധകരും സിനിമാലോകവും കരൺ ജോഹറിൻ്റെ പിറകെയായിരുന്നു. സിനിമയിലെ മാഫിയ ആണെന്നും, നെപ്പോട്ടിസത്തിന് വളം വച്ച് കൊടുക്കുന്നത് കരൺ ആണെന്നൊക്കെയായിരുന്നു ആരോപണങ്ങൾ.
കരണ്‍ ജോഹറിനെതിരെ ആരോപണങ്ങളുമായി നടി കങ്കണ റണാവത്തും രംഗത്തെത്തിയിരുന്നു. സുഹൃത്ത് ആദിത്യചോപ്രയ്ക്ക് വേണ്ടി കരണ്‍ ആണ് സുശാന്തിനെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചതെന്നായിരുന്നു ആരോപണം.
എന്നാല്‍ ഈ ആരോപണത്തില്‍ കരണ്‍ ജോഹറിനെ പ്രതിരോധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ്. കരണ്‍ വിചാരിച്ചാല്‍ തൊഴില്‍ നല്‍കാനാകും എന്നാല്‍ നശിപ്പിക്കാനാകില്ലെന്നാണ് കശ്യപ് പ്രതികരിച്ചത്.
'ആദിത്യചോപ്രയുടെ യഷ് രാജ് ഫിലിംസിനും കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും നവാഗതരുടെ ഭാവി നിശ്ചയിക്കാനാകും. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന യാഷ്‌രാജ് ഫിലിംസ് അല്ല ഇപ്പോഴുള്ളത്, കരണ്‍ ജോഹറിന് ഒരു ആര്‍ട്ടിസ്റ്റിന് അവസരം നല്‍കി തൊഴില്‍ നല്‍കാന്‍ കഴിയും. എന്നാല്‍ അത് നശിപ്പിക്കാനാവില്ല'' അനുരാഗ് കശ്യപ് പറഞ്ഞു.
എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കശ്യപിന്റെ പ്രതികരണം. ഇതുനുമുൻപ് കങ്കണയ്ക്കെതിരെയും അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. ഇപ്പോഴുള്ള കങ്കണയെ എനിക്കറിയില്ലെന്നും, അവർ പറയുന്നതെന്താണെന്ന് അവർക്ക് പോലും അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.