പ്രമുഖ നടി ഭാവനയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മലയാള സിനിമാ ലോകം. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മമ്മുട്ടി അടക്കം മലയാള സിനിമാ രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. താരസംഘടനയായ അമ്മ, ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, മാക്ട തുടങ്ങി എല്ലാ സംഘടനകളുടെയും പങ്കാളിത്തത്തോടെയായിരുന്നു പരിപാടി.
അക്രമിക്കപ്പെട്ട സംഭവം ഒളിച്ചുവെക്കാതെ ബന്ധപ്പെട്ടവരെ അറിയിച്ച സഹപ്രവര്‍ത്തക പ്രതിരോധത്തിന്‍റെ പ്രതീകമാണെന്ന് മമ്മൂട്ടി പറഞ്ഞു. പ്രതിരോധത്തിന്‍റെ ആ നാളം ഞങ്ങള്‍ ഓരോരുത്തരും ഏറ്റുവാങ്ങുകയാണ്. പൗരുഷം എന്നത് സ്ത്രീകളെ കീഴ്‌പ്പെടുത്തുന്നതിലല്ല. മറിച്ച് അവളെ സംരക്ഷിക്കുന്നതിലാണ്. നീ ഒറ്റയ്ക്കല്ലെന്നും ഒരു വലിയ സമൂഹം ഒപ്പമുണ്ടെന്നും മമ്മൂട്ടി വികാരവായ്‌പ്പോടെ പറഞ്ഞവസാനിപ്പിച്ചു.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. സിനിമയില്‍ എന്നല്ല, കേരളത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായി എന്നത് ദാരുണമാണെന്നും ദിലീപ് പറഞ്ഞു. ഇങ്ങനെയൊന്ന് ഇനി സംഭവിക്കാതിരിക്കട്ടെയെന്നും ദിലീപ് പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. അന്വേഷണത്തിലൂടെ ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടു.
ഇങ്ങനെയൊന്നും കേരളത്തില്‍ നടക്കില്ലെന്ന മലയാളിയുടെ ധാര്‍ഷ്ട്യത്തിന് കിട്ടിയ പ്രഹരമാണ് ഇതെന്നായിരുന്നു കമല്‍ പറഞ്ഞത്. സൗമ്യ സംഭവവും ഇതുമൊക്കെയോര്‍ത്ത് കേരളം ലജ്ജിക്കണം. സിനിമാക്കാര്‍ക്കിടയില്‍ ക്രിമിനല്‍വല്‍ക്കരണം നടക്കുന്നുവെന്നത് നമുക്കെല്ലാമുള്ള അപായസൂചനയാണെന്നും സഹപ്രവര്‍ത്തകരോട് കമല്‍ പറഞ്ഞു.
മമ്മൂട്ടി, മഞ്ജു വാര്യര്‍, ദിലീപ്, കമല്‍ എന്നിവരെക്കൂടാതെ ഇന്നസെന്റ്, ജയസൂര്യ, കാളിദാസ് ജയറാം, മനോജ് കെ.ജയന്‍, ലാല്‍, മേജര്‍ രവി, സുരേഷ് കൃഷ്ണ, സിദ്ദിഖ്, ഹൈബി ഈഡന്‍, രഞ്ജിത്ത്, പി.രാജീവ് തുടങ്ങി ഒട്ടേറെപേര്‍ പങ്കെടുത്തു