ക്യാമറ വെള്ളത്തില്‍ വീണ കഥയല്ല; കുട്ടനാടന്‍ മാര്‍പാപ്പ വേറെ ലവല്‍

ഹാസ്യത്തില്‍ പൊതിഞ്ഞ എന്‍റര്‍ടൈനറായിരിക്കും ചിത്രം എന്ന സൂചന നല്‍കുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലര്‍

Last Updated : Mar 17, 2018, 06:30 PM IST
ക്യാമറ വെള്ളത്തില്‍ വീണ കഥയല്ല; കുട്ടനാടന്‍ മാര്‍പാപ്പ വേറെ ലവല്‍

കുട്ടനാടിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം കുട്ടനാടന്‍ മാര്‍പാപ്പയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഹാസ്യത്തില്‍ പൊതിഞ്ഞ എന്‍റര്‍ടൈനറായിരിക്കും ചിത്രം എന്ന സൂചന നല്‍കുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലര്‍. 

മലയാളികളുടെ പ്രിയതാരം ശാന്തികൃഷ്ണ ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു എന്നതാണ് കുട്ടനാടന്‍ മാര്‍പാപ്പയുടെ മറ്റൊരു പ്രത്യേകത. അതിഥി രവിയാണ് കുഞ്ചാക്കോ ബോബന്‍റെ നായികയാകുന്നത്. 

ഇന്നസെന്‍റ്, സലിംകുമാര്‍, അജു വര്‍ഗീസ്, സൗബിന്‍ താഹിര്‍, ധര്‍മജന്‍, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍ എന്നിങ്ങനെ സ്വാഭാവിക നര്‍മ്മത്തിന്‍റെ മര്‍മ്മം അറിയുന്ന ഒരു പറ്റം താരങ്ങളും കുട്ടനാടന്‍ മാര്‍പാപ്പയില്‍ വേഷമിടുന്നു. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും. ശ്രീജിത്തിന്‍റെ ആദ്യ സംവിധാന സംരംഭമാണിത്. 

രാഹുല്‍ രാജാണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് ഈണമിട്ട ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ശാന്തികൃഷ്ണയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. 'ഏദന്‍ പൂവേ' എന്ന് തുടങ്ങുന്ന ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കുട്ടനാടിന്‍റെ സൗന്ദര്യം ചിത്രത്തിന് കൂടുതല്‍ മിഴിവേകുന്നുണ്ട്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. 

കുട്ടനാടും കുഞ്ചാക്കോ ബോബനും ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. അതിന്‍റെ കൂട്ടത്തിലേക്ക് കുട്ടനാടന്‍ മാര്‍പാപ്പയും ഇടം നേടുമെന്നാണ് പ്രതീക്ഷ. ചിത്രം മാര്‍ച്ച് 23ന് പ്രദര്‍ശനത്തിനെത്തും. 

Trending News