കൊച്ചി : ഫഹദ് ഫാസിലിന്റെ ഏവരും കാത്തിരിക്കുന്ന ചിത്രം മലയൻകുഞ്ഞ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻറെ റിലീസിന് മുന്നോടിയായി മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് ഫഹദ് മുമ്പ് പേർളി മാണി ഷോയിൽ എത്തിയപ്പോൾ പറഞ്ഞിരുന്നു. 50 അടി താഴ്ചയിൽ വായു ശ്വസിക്കാൻ പോലും ബുദ്ധിമുട്ടിയെന്നും ഫഹദ് പറഞ്ഞിരുന്നു. ഇതിനെ ശരിവെച്ച് കൊണ്ടുള്ള ചിത്രത്തിൻറെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഫഹദ് ഫാസിലും ചിത്രത്തിൻറെ അണിയറ പ്രവർത്തകരും 100 ശതമാനം ഡെഡിക്കേഷനോട് കൂടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. മണ്ണിടിച്ചിലും മഴവെള്ളപാച്ചിലും ഒക്കെ എങ്ങനെയാണ് ഒരുക്കിയതെന്നും വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ചിത്രത്തിൻറെ ചിത്രീകരണത്തിനിടെ മുഖമടിച്ച വീണപ്പോഴുണ്ടായ പരിക്ക് അൽപ്പം കഠിനമായിരുന്നുവെന്ന് ഫഹദ് പറഞ്ഞിരുന്നു. ജൂലൈ 22 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, ചിത്രം തീയേറ്ററുകളിൽ തന്നെയെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയായിരുന്നു. ഇടുക്കി മണ്ണിടിച്ചിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന സർവൈവൽ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ എത്തുന്ന നാലാമത്തെ ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോനാണ്. ഇന്ത്യൻ സംഗീതത്തിലെ ജീവിച്ചിരിക്കുന്ന ലെജൻഡ്സിൽ ഒരാളാണ് എആർ റഹ്മാൻ ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
എആർ റഹ്മാൻ സംഗീതം നൽകിയ 'ചോലപ്പെണ്ണേ' എന്ന് തുടങ്ങുന്ന മെലഡി ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികൾ രചിച്ചത്. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാൻ മാജിക് മലയാളത്തിലേക്ക് തിരിയെത്തിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മലയൻകുഞ്ഞിനുണ്ട്. ചിത്രത്തിൻറെ സംവിധായകൻ സജി മോൻ ഇതിന് മുമ്പ് മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ൽ പുറത്തിറങ്ങിയ മാലിക്കിന് ശേഷം റിലീസ് ചെയ്യുന്ന ഫഹദ് ഫാസിലിന്റെ മലയാള ചിത്രമാണ് മലയൻകുഞ്ഞ്. ഇതിനിടയിൽ അല്ലു അർജുൻ നായകനായ തെലുഗു ചിത്രം പുഷ്പയിലും കമൽഹാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം വിക്രമിലും ഫഹദ് അഭിനയിച്ചിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. മഹേഷ് നാരായണൻ ആദ്യമായി ഛായാഗ്രഹകനാവുന്ന ചിത്രം എന്ന പ്രത്യേകത കൂടി മലയൻ കുഞ്ഞിനുണ്ട്. ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം പ്രധാന കഥാപാത്രങ്ങളായി രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും എത്തുന്നുണ്ട്. ഫഹദിന്‍റെ അരങ്ങേറ്റചിത്രമായ 'കൈയെത്തും ദൂരത്തി'ന്‍റെ സംവിധാനവും നിര്‍മ്മാണവും ഫാസില്‍ ആയിരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും വീണ്ടും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...