റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും തിയറ്ററുകളിൽ നിറസാന്നിധ്യമായി പ്രദർശനം തുടരുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യതയ്ക്ക് പ്രമുഖരായ നിരവധി പേരാണ് മാളികപ്പുറത്ത് പ്രകീർത്തിച്ചുകൊണ്ട് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത്. സിനിമയ്ക്ക് പുറത്ത് നിന്നും നിരവധി പ്രമുഖരാണ് ഉണ്ണി മുകന്ദൻ ചിത്രത്തെ പ്രശംസിക്കുന്നത്. ഏറ്റവും അവസാനമായി ചിത്രം ഇഷ്ടപ്പെട്ടുയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഭാര്യ ലതയ്ക്കൊപ്പമാണ് മുതിർന്ന കോൺഗ്രസ് നേതാവ് മാളികപ്പുറം സിനിമ കാണാൻ തിയറ്ററിൽ പോയത്.
"ലതയോടൊപ്പം മാളികപ്പുറം കണ്ടു... ചിത്രം നന്നായിരിക്കുന്നു..ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു..." വി എം സുധീരൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ കുറിച്ചു. സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ണി മുകുന്ദൻ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുമുണ്ട്.
വമ്പൻ കളക്ഷനാണ് കഴിഞ്ഞ 10 ദിവസമായി ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കാണ് ചിത്രം ഏറ്റവുമധികം ഇഷ്ടപ്പെട്ടതെന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. കേരള ബോക്സോഫീസ് ട്വിറ്ററിൽ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ നിന്നും 9 ദിവസത്തെ കളക്ഷൻ മാത്രം 8.1 കോടിയാണ്. വേൾഡ് വൈഡ് കളക്ഷനാകട്ടെ 10 കോടി കവിഞ്ഞു. ചിത്രത്തിൻറെ ആദ്യ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷൻ 2.62 കോടിയാണ്.
വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...