തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രൂപേഷ് പീതാംബരൻ ഒരുക്കുന്ന മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. 'ഭാസ്ക്കരഭരണം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിട്ടുണ്ട്. പ്രമുഖർ ആരും തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നില്ലെന്നും പുതുമുഖങ്ങളെ വച്ച് ചെയ്യുന്ന സിനിമയാണിതെന്നും രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു. രൂപേഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ഛനെ നന്നാക്കാൻ ശ്രമിക്കുന്ന ഒരു മകന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
രൂപേഷ് പീതാംബരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
''പ്രമുഖർ ആരും ഇല്ല! ക്യാമറയുടെ മുന്നിലും പിന്നിലും ആയി ഒരു കൂട്ടം പുതുമുഖകളെ വെച്ച് ച്ചെയുന്ന ഒരു ചെറിയ സിനിമ''
ചിത്രത്തിന്റെ രചനയും രൂപേഷ് തന്നെയാണ്. നിക്കാഫ് സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അറുമുഖം കെ ഗൗഡ, റൂബി പീതാംബരൻ, രൂപേഷ് പീതാംബരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉമ കുമാരപുരമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റഷിൻ അഹമ്മദാണ് എഡിറ്റർ. അരുൺ തോമസ് ആണ് സംഗീത സംവിധായകൻ. രൂപേഷ് പീതാംബരനെ കൂടാതെ സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണ ദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ, ആൻ മോൾ ജിബീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...