ഹത്ത തയാര്‍: സഞ്ചാരികള്‍ക്ക് സ്വാഗതം

ഹത്ത സാമൂഹിക-സാമ്പത്തിക വികസന പദ്ധതികളുടെ ഭാഗമായി വൈവിധ്യമാർന്ന വിനോദസഞ്ചാര പദ്ധതികൾക്ക് മീറാസ് ഗ്രൂപ്പ് തുടക്കം കുറിച്ചു. 

Last Updated : Jul 11, 2018, 03:09 PM IST
ഹത്ത തയാര്‍: സഞ്ചാരികള്‍ക്ക് സ്വാഗതം

ദുബായ്: ഹത്ത സാമൂഹിക-സാമ്പത്തിക വികസന പദ്ധതികളുടെ ഭാഗമായി വൈവിധ്യമാർന്ന വിനോദസഞ്ചാര പദ്ധതികൾക്ക് മീറാസ് ഗ്രൂപ്പ് തുടക്കം കുറിച്ചു. 

മലനിരകളും വാടികളും തടാകങ്ങളും അണക്കെട്ടുകളുമെല്ലാമുള്ള പ്രകൃതിസുന്ദരമായ ഹത്തയെ മേഖലയിലെ ഏറ്റവും മികച്ച ഇക്കോടൂറിസം ലക്ഷ്യ സ്ഥാനങ്ങളിലൊന്നായി മാറ്റുകയാണ് ലക്ഷ്യം. 

ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സൗഹാർദപരമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ടൂറിസം പദ്ധതികളുടെ ആദ്യഘട്ടം ഈ വർഷാവസാനം പൂർത്തിയാകും. പദ്ധതിയുടെ രൂപകല്പനയും നിർമാണവും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതും സുസ്ഥിരവുമാകും. 

വിനോദസഞ്ചാരം, ഗതാഗതം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകൾ ഏകോപിപ്പിക്കുന്ന പദ്ധതികൾ ഇതില്‍ ഉള്‍പ്പെടും. വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പദ്ധതി ഹത്തയുടെ മുഖഛായ തന്നെ മാറ്റുമെന്നാണ് കരുതുന്നത്. 

ഇവിടുത്തെ യുവാക്കൾക്കും സംരംഭകർക്കും വാണിജ്യ കേന്ദ്രങ്ങൾക്കുമെല്ലാം അവസരങ്ങൾ നല്കാൻ പുതിയ പദ്ധതികൾ സഹായമാകുമെന്ന് മീറാസ് ഗ്രൂപ്പ് ചെയർമാൻ അബ്ദുല്ല അൽ ഹബ്ബായി പറഞ്ഞു
 
അഡ്വെഞ്ചർ സെന്റർ, ടൂറിസംഹബ്, താമസകേന്ദ്രങ്ങൾ തുടങ്ങിയവ ആദ്യഘട്ടത്തിലും ഹോസ്പിറ്റാലിറ്റി-റീട്ടെയിൽ സ്ഥാപനങ്ങള്‍ രണ്ടാംഘട്ടത്തിലും ഉൾപ്പെടും.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2016-ൽ പത്തുവർഷത്തെ ഹത്ത സമഗ്രവികസനപദ്ധതി പ്രഖ്യാപിച്ചിരുന്നു. 

Trending News