മുബൈയിലെ തെരുവുകളിലൂടെ നടക്കുമ്പോൾ നിരവധി മനോഹരമായ നിർമിതികൾ കാണാൻ സാധിക്കും. ഇവയിൽ അതിമനോഹരമായ വാസ്തുവിദ്യയിൽ നിർമിച്ച പള്ളികളും ഉൾപ്പെടുന്നു. മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ചില പള്ളികൾ ഇവയാണ്.
ബാന്ദ്രയിലെ ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് ദി മൗണ്ട്: പതിനേഴാം നൂറ്റാണ്ടിൽ നിർമിച്ച ബസിലിക്ക ഓഫ് ഔർ ലേഡി ഓഫ് ദി മൗണ്ട് പള്ളി വാസ്തുവിദ്യയാൽ സമ്പന്നമാണ്. തിരക്കേറിയ തെരുവിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഈ പള്ളി ഏവരെയും ആകർഷിക്കുന്നതാണ്. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ എട്ട് മണി വരെയും (തിങ്കൾ മുതൽ ശനി വരെ) ഈ പള്ളിയിൽ സന്ദർശനം നടത്താം.
സെന്റ്. തോമസ് കത്തീഡ്രൽ: വിക്ടോറിയൻ വാസ്തുവിദ്യയാൽ നിർമിച്ചിരിക്കുന്ന പള്ളിയാണിത്. വൃത്താകൃതിയിലുള്ളതും വലുതുമായ ജനാലകളുടെ സവിശേഷമായ സംയോജനവും മേൽക്കൂര വരെ എത്തുന്ന തടികൊണ്ടുള്ള ഇരട്ട വാതിലുകളും ഈ പള്ളിയുടെ വാസ്തുവിദ്യയിലെ പ്രത്യേകതകളാണ്. പള്ളിയുടെ ചാപ്പൽ അതിമനോഹരമാണ്. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെ പള്ളിയിൽ സന്ദർശകരെ അനുവദിക്കും.
ബാന്ദ്രയിലെ പാലി ഹിൽസിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പള്ളി വളരെ മനോഹരവും ശാന്തവുമാണ്.1840-കളിൽ നിർമിച്ച ഈ പള്ളി വരും വർഷങ്ങളിൽ നവീകരിച്ചിരുന്നു. 1964 ഡിസംബർ അഞ്ചിന് മാർപാപ്പ സെന്റ് പീറ്റേഴ്‌സ് പള്ളിയും ഔവർ ലേഡി ഓഫ് മൗണ്ട് ബസിലിക്കയും സന്ദർശിച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ഇവിടെ സന്ദർശകരെ അനുവദിക്കും. വാരാന്ത്യത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കില്ല.
കൊളാബയിലെ വോഡ്ഹൗസ് ചർച്ച്: പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ നരിമാൻ പോയിന്റിന് അടുത്താണ് ഈ കത്തോലിക്കാ പള്ളി സ്ഥിതി ചെയ്യുന്നത്. 1950കളിലാണ് വോഡ്ഹൗസ് ചർച്ച് നിർമിച്ചത്. അതിരാവിലെയാണ് ഈ പള്ളി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. പ്രഭാത സൂര്യന്റെ കിരണങ്ങൾ ഏൽക്കുന്ന വോഡ്ഹൗസ് ചർച്ച് കാണാൻ വളരെ മനോഹരമാണ്. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയും സന്ദർശകരെ അനുവദിക്കും.
താനെയിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച്: താനെയിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് അതിമനോഹരമാണ്. മനോഹരമായ പൂന്തോട്ടം പള്ളിയെ കൂടുതൽ മനോഹരമാക്കുന്നു. രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെയാണ് സന്ദർശക സമയം.