ഇന്ത്യൻ വീടുകളിൽ കൂടുതലായി ഉപയോഗിക്കുന്നതും പലർക്കും ഇഷ്ടപ്പെട്ടതുമായ പാൽ ഉത്പന്നങ്ങളിൽ ഒന്നാണ് തൈര്. തൈരിലെ ബാക്ടീരിയ ദഹനത്തിന് സഹായിക്കുന്നു. തൈരിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
തൈര് ആരോഗ്യ ഗുണങ്ങളാൽ നിറഞ്ഞതാണ്. ഇതിൽ ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ ബി-2, വിറ്റാമിൻ ബി-12, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ, ചില ഭക്ഷണങ്ങളോടൊപ്പം തൈര് കഴിക്കുന്നത് വിപരീത ഫലം ചെയ്യും. തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത വിരുദ്ധാഹാരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മത്സ്യത്തോടൊപ്പം തൈര് കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഈ രണ്ട് ഭക്ഷണ പദാർത്ഥങ്ങളും പ്രോട്ടീൻ നിറഞ്ഞതാണ്. ഇത് ദഹനത്തെ ബാധിക്കും. വയറു വേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാൻ ഇത് കാരണമാകും.
തൈരിനൊപ്പം മാങ്ങ കഴിക്കരുത്. തൈരിനൊപ്പം മാമ്പഴം കഴിക്കുന്നത് ശരീരത്തിൽ ചൂട് വർധിക്കാൻ കാരണമാകും. ഇത് ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കും. മാമ്പഴവും തൈരും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്കും ദോഷം ചെയ്യും.
തൈരിനൊപ്പം സവാളയോ ഉള്ളിയോ ചേർത്ത് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഉള്ള ശരീരത്തിൽ ചൂട് വർധിപ്പിക്കുകയും തൈര് തണുപ്പ് നൽകുകയും ചെയ്യുന്ന ഭക്ഷണങ്ങളാണ്. അതിനാൽ ഇവ ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. തൈരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത് ചർമ്മത്തിൽ അലർജി, മറ്റ് ചർമ്മ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.
പാലിൽ നിന്നുള്ള ഉത്പന്നം തന്നെയാണ് തൈര്. എന്നാൽ പാലും തൈരും ഒരുമിച്ച് കഴിക്കുന്നത് വയറിളക്കം, അസിഡിറ്റി, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. പാലും തൈരും മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന രണ്ട് തരം പ്രോട്ടീനുകളാണ്. അതിനാൽ ഇവ ഒരുമിച്ച് കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
എണ്ണമയമുള്ള ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. എണ്ണമയമുള്ള ഭക്ഷണങ്ങൾക്കൊപ്പം തൈര് കഴിക്കുന്നത് അലർജി, ചൊറിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. തൈരിനൊപ്പം വിരുദ്ധാഹാരങ്ങൾ കഴിക്കുന്നത് അസിഡിറ്റി, ഗ്യാസ് ട്രബിൾ, വയറിളക്കം, ശ്വാസതടസം, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.