പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ.
ഫൈബർ ഡയറ്റ് ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ പെട്ടെന്നുള്ള ഗ്ലൂക്കോസിന്റെ വർധനയെ തടയുന്നതിന് സഹായിക്കുന്നു. ഗ്ലൂക്കോസ് പെട്ടെന്ന് വർധിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
സബ്ജ വിത്തുകൾ: ഉയർന്ന ഫൈബർ ഉള്ളടക്കം മെറ്റബോളിസത്തെ മന്ദഗതിയിലാക്കാനും കാർബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസാക്കി മാറ്റുന്നത് നിയന്ത്രിക്കാനും സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരെ സഹായിക്കുന്ന ഒരു സൂപ്പർഫുഡായി സബ്ജ വിത്തുകൾ അറിയപ്പെടുന്നു.
ഓട്‌സ്: ഓട്‌സിൽ ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ലയിക്കുന്നവ പ്രയോജനകരമാണ്. ഇത് നിങ്ങളുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കുതിച്ചുയരാതെ കൃത്യമായി നിലനിർത്തുന്നു.
വെള്ളക്കടല: വെള്ളക്കടല നാരുകളാൽ സമ്പന്നമാണ്. പ്രത്യേകിച്ച് റാഫിനോസ് എന്ന ലയിക്കുന്ന നാരുകൾ വെള്ളക്കടലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കും.
ബാർലി: ബാർലിയിലെ ലയിക്കുന്ന നാരുകൾ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ആപ്പിൾ: ആപ്പിൾ ലയിക്കുന്ന ഫൈബർ പെക്റ്റിന്റെ നല്ല ഉറവിടമാണ്. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയുന്നു.