ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിലെ മെഗാ ലേലത്തിന് മുന്നോടിയായി നിലവിൽ ടീമിലുള്ള ആറ് താരങ്ങളെ നിലനിർത്താൻ ഫ്രാഞ്ചൈസികൾക്ക് ബിസിസിഐ അനുമതി നൽകിയിരുന്നു.
അടുത്ത സീസണിൽ ശക്തമായ ടീമിനെ കെട്ടിപടുക്കാൻ നിലവിലെ ചാമ്പ്യന്മാർ കൂടിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏതൊക്കെ താരങ്ങളെ നിലനിർത്തിയേക്കും എന്ന് നോക്കിയാലോ?
നായകൻ കൂടിയായ ശ്രേയസ് അയ്യറിനെ കൊൽക്കത്ത കൈവിടില്ല എന്നാണ് സൂചന. പരിക്കുകൾ അലട്ടുന്നുണ്ടെങ്കിലും മധ്യനിരയിൽ നൈറ്റ് റൈഡേഴ്സിൻ്റെ വിശ്വസ്ത ബാറ്റ്സ്മനാണ് ശ്രേയസ് അയ്യർ.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന കൊൽക്കത്തയുടെ ഇതിഹാസ താരം സുനിൽ നരെയ്നിനെ കെകെആർ നിലനിർത്തിയേക്കും. ഓപ്പണിംഗിൽ നരെയ്ൻ്റെ ബാറ്റിങ് പ്രകടനം കൊൽക്കത്തയുടെ വിജയങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നുണ്ട്.
കഴിഞ്ഞ സീസണുകളിൽ കൊൽക്കത്തയുടെ വിജയങ്ങളിൽ നിർണായക പങ്കുവച്ച വെടിക്കെട്ട് ബാറ്റ്സ്മനാണ് റിങ്കു സിങ്. കൊൽക്കത്തയുടെ മികച്ച ഫിനിഷർ കൂടിയായ റിങ്കു ആരാധകരുടെ പ്രിയങ്കരൻ കൂടിയാണ്.
കൊൽക്കത്ത 24.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ ടീം നിലനിർത്തിയേക്കും. പ്ലേഓഫിലും ഫൈനലിലും സ്റ്റാർക്കിൻ്റെ അവിസ്മരണീയ പ്രകടനം കൊൽക്കത്തയുടെ കിരീടനേട്ടത്തിന് സഹായിച്ചു.
ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മനായ ഫിൽ സാൾട്ടാണ് കൊൽക്കത്ത നിലനിർത്താൻ സാധ്യതയുള്ള മറ്റൊരു താരം. ടോപ് ഓർഡറിൽ ആക്രമണശൈലിയിൽ ബാറ്റ് വീശുന്ന സാൾട്ട് കൊൽക്കത്തയ്ക്ക് മുതൽകൂട്ടാണ്.