ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാശനഷ്ടത്തിന്‍റെ വ്യാപ്തി ഇപ്പോഴും അധികൃതർ വിലയിരുത്തുകയാണ്. കൂടുതൽ തുടര്‍ ഭൂചലനങ്ങൾ ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്
കൂടുതൽ തുടര്‍ ഭൂചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സുനാമികൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് എത്രയും വേഗം ഒഴിഞ്ഞുപോകാനാണ് നിര്‍ദ്ദേശം.
ഭൂകമ്പത്തെ ത്തുടര്‍ന്ന് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി തടസപ്പെട്ടു, ദുരന്ത ബാധിത പ്രദേശത്തേക്കുള്ള വിമാനങ്ങളും റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. ഇഷികാവ, ടോയാമ പ്രദേശങ്ങളില്‍ 36,000-ലധികം കുടുംബങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടതായി യൂട്ടിലിറ്റി പ്രൊവൈഡർ ഹോകുരിക്കു ഇലക്ട്രിക് പവർ പറഞ്ഞു.
അതേസമയം, കനത്ത ഭൂകമ്പത്തെത്തുടര്‍ന്ന് ജപ്പാനിലെ ആണവ നിലയങ്ങളിൽ ക്രമക്കേടുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ജപ്പാനിലെ ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി അറിയിച്ചു. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇഷിക്കാവയിലെ ഹൊകുരികുവിന്‍റെ ഷിക പ്ലാന്‍റ്, ഭൂകമ്പത്തിന് മുമ്പ് തന്നെ അതിന്‍റെ രണ്ട് റിയാക്ടറുകൾ പതിവ് പരിശോധനയ്ക്കായി നിർത്തിയിരുന്നതായും ഭൂകമ്പത്തിന്‍റെ യാതൊരു സ്വാധീനവും കണ്ടില്ലെന്നും ഏജൻസി അറിയിച്ചു.
2011 മാർച്ച് 11 ന് വടക്കുകിഴക്കൻ ജപ്പാനിൽ ഒരു വലിയ ഭൂകമ്പവും സുനാമിയും ഉണ്ടായി, ഏകദേശം 20,000 പേർ കൊല്ലപ്പെടുകയും പട്ടണങ്ങള്‍ ഇല്ലാതാകുകയും ചെയ്തിരുന്നു.