Amitabh Bachchan: മുതിർന്ന ബോളിവുഡ് നടൻ അമിതാഭ് ബച്ചന് രാഖി കെട്ടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
പ്രതിപക്ഷ സമ്മേളനത്തിൽ പങ്കെടുക്കാൻ മുംബൈയിലെത്തിയ മമത ബാനർജി അമിതാഭ് ബച്ചനെ വസതിയിലെത്തി സന്ദർശിച്ചു.
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഭാരത് രത്ന' എന്നാണ് അമിതാഭ് ബച്ചനെ മമത ബാനർജി സ്നേഹപൂർവ്വം വിശേഷിപ്പിച്ചത്. ജുഹുവിലെ വസതിയിൽ അമിതാഭ് ബച്ചനും ജയ ബച്ചനും ചേർന്ന് മമത ബാനർജിക്ക് ഊഷ്മളമായ സ്വീകരണം നൽകി.
അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ ബച്ചൻ എന്നിവരും രക്ഷാബന്ധൻ ചടങ്ങിൽ പങ്കെടുത്തു. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചനും ചെറുമകൾ നവ്യ നവേലി നന്ദയും ചടങ്ങിൽ സംബന്ധിച്ചു.
ദുർഗാ പൂജയുടെയും കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയുടെയും ആഘോഷങ്ങളിൽ പങ്കെടുക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അമിതാഭ് ബച്ചനെ ക്ഷണിച്ചു.
കഴിഞ്ഞ വർഷം, കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ അമിതാഭ് ബച്ചൻ പങ്കെടുത്തിരുന്നു. അന്ന്, ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് ഭാരതരത്ന നൽകണമെന്ന് മമത ബാനർജി പറഞ്ഞിരുന്നു.