ഒരു ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് UAE. യുഎഇയുടെ ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബ് (Hope Probe) ഫെബ്രുവരി 9 ചൊവ്വാഴ്ച ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തും. UAEഇ സമയം വൈകീട്ട് 7.57ഓടെ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കും.
ദൗത്യം വിജയിക്കുന്നതോടെ ചൊവ്വയിലേക്ക് പര്യവേഷണ പേടകം അയച്ച ആദ്യ ഗള്‍ഫ് രാജ്യമായി UAE മാറും. ചരിത്ര വിജയത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിയ്ക്കുകയാണ് UAE. Hope ഭ്രമണപഥത്തിലെത്തുന്നതിനെ വലിയ ആഘോഷമായാണ് യുഎഇ കൊണ്ടാടുന്നത്. ബുര്‍ജ് ഘലീഫ അടക്കമുള്ള കെട്ടിടങ്ങളില്‍ പേടകത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
2020 ജൂലായ് 21-നായിരുന്നു ഹോപ്പ് വിക്ഷേപിച്ചത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.58-ന് ജപ്പാനിലെ താനെഗാഷിമ സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ഭൗമോപരിതലത്തില്‍നിന്ന് 49.4 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഹോപ്പ് പ്രോബ് ചൊവ്വയിലെത്തുന്നത്. ഭ്രമണപഥത്തിലെത്തിയാല്‍ പേടകം 687 ദിവസം ചൊവ്വയെ ഭ്രമണം ചെയ്യും.
ഹോപ്പ് പ്രോബിന് പിറകെ മറ്റു രണ്ടു രാജ്യങ്ങളുടെ പേടകങ്ങളും ചൊവ്വയിലേക്കെത്തുന്നുണ്ട്. ചൈനയുടെ തിയാന്‍വെന്‍ വണ്‍ പേടകം ഈ മാസം 10നും യുഎസിന്റെ നാസ പെര്‍സെവെറന്‍സ് ഈ മാസം 18നും ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.
നിലവില്‍ ഇന്ത്യയുടേയും യുഎസ്, യൂറോപ്യന്‍ യൂണിയന്, മുന്‍ സോവിയറ്റ് യൂണിയന് എന്നിവയുടെയും പര്യവേഷണ പേടകങ്ങള്‍ ചൊവ്വയിലെത്തിയിട്ടുണ്ട്. ഹോപ്പ് പ്രോബ് ഭ്രമണ പഥത്തിലെത്തുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ശക്തിയായി യുഎഇ മാറും.