പാരിസ്/മാഴ്സ: ഫ്രഞ്ച് പടയോട്ടത്തോടെ യൂറോ കപ്പ് ഫുട്ബാളിന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഫ്രാന്‍സിന് ജയം.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ആതിഥേയരായ ഫ്രാന്‍സ് ആദ്യ ജയം സ്വന്തമാക്കിയത്.
ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.ഒടുവില്‍ 57-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ഒന്‍പതാം നമ്പര്‍ താരം ഒളിവര്‍ ജിറൂഡാണ് ആതിഥേയര്‍ക്ക് മുന്‍തൂക്കം നല്‍കിയ ഗോള്‍ നേടിയത്. ദിമിത്രി പായെറ്റിന്റെ പാസില്‍ എണ്ണം പറഞ്ഞ ഹെഡ്ഡറിലൂടെയായിരുന്നു ആ ഗോള്‍. 65-ാം മിനിറ്റില്‍ വബോഗ്ദാന്‍ സ്റ്റാന്‍കു റൊമാനിയയെ ഒപ്പത്തിനൊപ്പമെത്തിച്ചു.ഇരു ടീമുകളും വര്‍ധിത വീര്യത്തോടെ കളം നിറഞ്ഞെങ്കിലും ഫ്രാന്‍സിന് മുന്നില്‍ റൊമാനിയക്ക് പിടിച്ചു നില്‍ക്കാനായില്ല. കളിയുടെ ആദ്യാവസാനം നിറഞ്ഞു നിന്ന ദിമിത്രി പായെറ്റ് 89-ാം മിനിറ്റില്‍ ആതിഥേയര്‍ക്ക് വിജയവഴി തുറന്നു കൊടുത്തു. പായെറ്റിന്റെ, ബോക്‌സിനു പുറത്തു നിന്നുള്ള ഇടംകാലന്‍ ഷോട്ട് ലക്ഷ്യത്തിലെത്തിയതോടെ ഫ്രാന്‍സ് ഈ വര്‍ഷത്തെ യൂറോ കപ്പിലെ ആദ്യ വിജയമുറപ്പിച്ചു.
ഗ്രൂപ് ബിയിലെ കരുത്തന്മാരുടെ നിര്‍ണായക പോരാട്ടത്തില്‍ മാഴ്സയില്‍ ഇംഗ്ളണ്ടും റഷ്യയും ഇന്ന്‍ കൊമ്പുകോര്‍ക്കും. എന്നാല്‍, സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിക്കാമെന്ന ലെസ്റ്റര്‍ സൂപ്പര്‍ താരം ജെയ്മി വാര്‍ദിയുടെ മോഹം നടക്കില്ളെന്ന ശക്തമായ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇംഗ്ളണ്ട് കളത്തിലിറങ്ങുന്നത്. ഗ്രൂപ്പില്‍ അടുത്തഘട്ടത്തിലേക്ക് മുന്നേറാന്‍ ഏറ്റവുംകൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളുടെ പോരാട്ടം എന്ന നിലയില്‍ ശ്രദ്ധേയമാണ് ഈ മത്സരം. ഇത്തവണ യോഗ്യതാ മത്സരങ്ങള്‍ മുഴുവന്‍ ജയിച്ച ഏക ടീം എന്ന ക്രെഡിറ്റുമായാണ് ഇംഗ്ളണ്ട് യൂറോക്കിറങ്ങുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച അര്‍ധരാത്രി 12.30നാണ് മത്സരം.