ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവിയിലെ സേവാഗ് എന്ന പലരും വിശേഷിപ്പിച്ചിട്ടുള്ള യുവതാരമാണ് പൃഥ്വി ഷാ. സ്ഫോടനാത്മകമായ ബാറ്റിംഗ് ശൈലിയാണ് പൃഥ്വി ഷായുടെ സവിശേഷത. ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ നിരവധി റെക്കോർഡുകൾ 23 കാരനായ പൃഥ്വി ഷാ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഇതാ ഇന്ത്യൻ ടീമിൽ നിന്നുള്ള പുറത്താകലിനെ കുറിച്ചും ഇന്ത്യയ്‌ക്കായി ലോകകപ്പ് നേടുക എന്ന സ്വപ്‌നത്തെ കുറിച്ചുമെല്ലാം ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് പൃഥ്വി ഷാ.
ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായപ്പോൾ താൻ തീർത്തും നിരാശനായെന്ന് പൃഥ്വി ഷാ പറഞ്ഞു. തന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണം എന്താണെന്ന് മനസിലായില്ല. ഫിറ്റ്നസുമായി ബന്ധപ്പെട്ടതാകാമെന്ന് ചിലർ പറഞ്ഞു. എന്നാൽ ബെംഗളൂരുവിൽ വന്ന് എൻസിഎയിലെ എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കിയതാണ്. വീണ്ടും റൺസ് നേടുകയും ടി20 ടീമിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ തനിയ്ക്ക് അവസരം ലഭിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ഇന്ത്യയ്ക്ക് ആശ്വാസം; ഏഷ്യാ കപ്പിന് മുമ്പ് തന്നെ ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തിയേക്കും
'ആളുകൾ എന്നെക്കുറിച്ച് പല കാര്യങ്ങൾ പറയുന്നുണ്ട്. പക്ഷേ, എന്നെ അറിയുന്നവർക്ക്, ഞാൻ എങ്ങനെയാണെന്ന് അറിയാം, എനിക്ക് സുഹൃത്തുക്കളില്ല, സുഹൃത്തുക്കളെ ഉണ്ടാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇതാണ് ഇന്നത്തെ തലമുറയിൽ സംഭവിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ ചിന്തകൾ മറ്റാരുമായും പങ്കിടാൻ കഴിയില്ല. വ്യക്തിപരമായി പറഞ്ഞാൽ ഈ അവസ്ഥ വളരെ ഭയാനകമാണ്. എന്റെ ചിന്തകൾ പങ്കുവെക്കാൻ എനിക്ക് ഭയമാണ്. എങ്ങനെയൊക്കെയോ അതെല്ലാം സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. എനിക്ക് സുഹൃത്തുക്കൾ വളരെ കുറവാണ്. കുറച്ച് സുഹൃത്തുക്കൾ മാത്രമേയുള്ളൂ. അവരുമായി പോലും കുറച്ച് കാര്യങ്ങൾ ഒഴികെ ഞാൻ എല്ലാം പങ്കിടാറില്ല.
ഞാൻ കാര്യങ്ങൾ തുറന്നുപറയുന്ന ആളാണ്. നേരത്തെ ആരെങ്കിലും എന്നോട് നന്നായി സംസാരിക്കുമ്പോൾ, ഞാൻ വളരെ വേഗം തന്നെ എല്ലാ കാര്യങ്ങളും തുറന്നുപറയുമായിരുന്നു. പിന്നീട്, പലരും ഇതെല്ലാം വെച്ച് എന്നെ പിന്നിൽ നിന്ന് കുത്തുന്നതായി മനസിലായി. ഒരിക്കലല്ല, പലതവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പക്ഷേ, എനിക്കിപ്പോൾ അതൊന്നും വിഷയമല്ല. ഈ ലോകം വ്യത്യസ്തമായാണ് മുന്നോട്ട് പോകുന്നതെന്ന് ഞാൻ സ്വയം മനസ്സിലാക്കി. 12 - 14 വർഷം ഇന്ത്യക്കായി കളിച്ച് ലോകകപ്പ് നേടുക എന്നതാണ് സ്വപ്നം. അതിനായി കഠിനാധ്വാനം ചെയ്യുകയും റൺസ് സ്കോർ ചെയ്യുകയും വേണം. സ്വപ്ന സാക്ഷാത്കാരത്തിനുള്ള ഒരേയൊരു മാർഗ്ഗമാണത്.' ഷാ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...