Saudi Arabia toppled Argentina: നിങ്ങളിത് കാണുക... നിങ്ങളിത് കാണുക! പച്ച പ്രാപ്പിടിയന്‍മാര്‍ അര്‍ജന്റീനയെ കൊത്തിപ്പറിച്ച് തിന്നുതീര്‍ത്ത കളി

Saudi Arabia defeats Argentina: അപ്രതീക്ഷിതമെന്നോ ഞെട്ടിപ്പിക്കുന്നതെന്നോ പറഞ്ഞാൽ മതിയാവില്ല. കളിക്കളത്തിൽ കേളികേട്ട അർജന്റീനയെ സൌദി അറേബ്യ നിലംപരിശാക്കുന്ന കാഴ്ച അത്ഭുതത്തോടെയാണ് ലോകം കണ്ടത്.

Last Updated : Nov 22, 2022, 06:58 PM IST
  • ഫിഫ ലോക റാങ്കിങ്ങിൽ അർജന്റീന നാലാമതും സൌദി അറേബ്യ 51-ാമതും ആണ്
  • അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ അർജന്റീനയ്ക്ക് ഇത് അപ്രതീക്ഷിത തിരിച്ചടിയാണ്
  • സൌദി പ്രോ ലീഗീനപ്പുറം കളിക്കാത്ത ഒരു പിടി താരങ്ങളാണ് അർജന്റീന പെരുമയെ തകർത്തെറിഞ്ഞത്
Saudi Arabia toppled Argentina: നിങ്ങളിത് കാണുക... നിങ്ങളിത് കാണുക! പച്ച പ്രാപ്പിടിയന്‍മാര്‍ അര്‍ജന്റീനയെ കൊത്തിപ്പറിച്ച് തിന്നുതീര്‍ത്ത കളി

ദോഹ: ഖത്തറിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ രചിക്കപ്പെട്ടത് ചരിത്രമാണ് എന്ന് പറയുമ്പോള്‍ അതിനൊരു 'പഞ്ച്' ഇല്ലെന്ന് പറയേണ്ടി വരും. വാക്കുകള്‍ക്കും വിവരണങ്ങള്‍ക്കും അപ്പുറമായിരുന്നു സൗദിയുടെ 'പച്ച പ്രാപ്പിടിയന്‍മാര്‍' (ഗ്രീന്‍ ഫാല്‍ക്കണ്‍സ്) അര്‍ജന്റീനയെ കൊത്തിപ്പറിച്ചത്. ലോകമെമ്പാടുമുളള ഫുട്‌ബോള്‍ ആരാധകരോ വിശാരദന്‍മാരോ പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നു സൗദി അറേബ്യ കളിക്കളത്തില്‍ നിറഞ്ഞാടിയത്.

ഫിഫ ലോക റാങ്കിങ്ങില്‍ 51- ാം സ്ഥാനത്ത് മാത്രമുള്ള സൗദി അറേബ്യ, ആധികാരിക വിജയം നേടിയത് നാലാം റാങ്കുകാരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വിജയം. അര്‍ജന്റീന ആരാധകര്‍ അവരുടെ ഏറ്റവും മോശം ദു:സ്വപ്‌നത്തില്‍ പോലും കാണാത്ത പരാജയം. ദുര്‍ബലരായ സൗദിക്കെതിരെ  ആദ്യ മത്സരത്തില്‍ ഗോള്‍മഴ പെയ്യിക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍, സെറ്റ് പീസ് അല്ലാതെ ഒരു ഗോള്‍ പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ കാഴ്ച.

Read Also: മെസ്സിയേയും ഡി മരിയേയും അറിയും, പക്ഷേ സലേം അല്‍ ദൗസരിയെ നിങ്ങളറിയുമോ?

സൗദി പ്രോ ലീഗില്‍ മാത്രം കളിച്ച് പരിചയമുള്ള താരങ്ങളെ വച്ചാണ് ഹാര്‍വെ റെനാര്‍ദ് എന്ന കോച്ച് ലോകത്തിലെ മുന്‍നിര താരങ്ങളുള്ള അര്‍ജന്റീനയെ അട്ടിമറിച്ചത് എന്ന് പറഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകും. സലേ അല്‍ ഷെഹ്‌റി, സലേം അല്‍ ദൗസരി... നിങ്ങള്‍ക്ക് മുന്നില്‍ ഇന്ന് ഫുട്‌ബോള്‍ ലോകം മുട്ടുമടക്കുകയാണ്. 

സൗദിയുടെ ഈ മികച്ച വിജയത്തില്‍ മറക്കാന്‍ പറ്റാത്ത പേരുകളാണ് ഗോളി അല്‍ ഒവൈസിന്റേയും ഡിഫന്‍ഡര്‍ അല്‍ ഷെഹ്‌റാനിയുടേയും മിഡ് ഫീല്‍ഡര്‍ അല്‍ ഫരാജിന്റേയും. അവസാന നിമിഷം ഗോള്‍ സേവിങ്ങിനിടെ ഒവൈസിന്റെ കാല്‍ ഇടിച്ച് ബോധരഹിതനായി വീണ ഷെഹ്‌റാനി ആരുടേയും കണ്ണുനനയിക്കുന്ന കാഴ്ചയായിരുന്നു. അറിയാതെ പറ്റിപ്പോയ ആ അപകടത്തെ ചൊല്ലി തലയില്‍ കൈവച്ച് വിതുമ്പിയ ഒവൈസ് ആയിരിക്കും ഈ ലോകകപ്പിലെ ഏറ്റവും ദു:ഖഭരിതമായ കാഴ്ച.

 

അല്‍ ഒവൈസ് എന്ന സൗദി ഗോളിയെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും മതിയാവില്ല. സൗദി പ്രോ ലീഗിലെ അല്‍ ഹിലാല്‍ ക്ലബ്ബിന് വേണ്ടി കളിക്കുന്ന 31 കാരനായ ഒവൈസിന്റെ 34-ാം അന്താരാഷ്ട്ര മത്സരമായിരുന്നു അര്‍ജന്റീനയ്‌ക്കെതിരെ. സൗദിയുടെ ഗോള്‍ വലയ്ക്ക് നേരെ 15 ഷോട്ടുകളായിരുന്നു അര്‍ജന്റീന തൊടുത്തത്. അതില്‍ 6 എണ്ണവും കിറുകൃത്യം ഷോട്ടുകള്‍. മെസ്സി തൊടുത്ത പെനാള്‍ട്ടി കിക്ക് ഒഴികെ, ഒന്ന് പോലും ഗോള്‍ വല കുലുക്കാതിരുന്നതിന് കാരണം അല്‍ ഒവൈസ് എന്ന വന്‍മതില്‍ തന്നെ ആയിരുന്നു.

കൃത്യമായ സ്ട്രാറ്റജിയായിരുന്നു സൗദി അറേബ്യയുടേത്. സൗദി പ്രതിരോധ നിര അര്‍ജന്റീനയുടെ മുന്നേറ്റ നിരയെ കബളിപ്പിച്ചുകൊണ്ടേയിരുന്നു. എങ്ങനെ അര്‍ജന്റീനയ്ക്ക് 10 ഓഫ് സൈഡുകള്‍ വന്നതിന്റെ ഉത്തരമാണിത്. ഓഫ് സൈഡില്‍ രണ്ട് തവണയാണ് അര്‍ജന്റീന സൗദിയുടെ ഗോള്‍വല കുലുക്കിയത് എന്ന് കൂടി പറയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഈ ഒരു പ്രതിരോധ തന്ത്രത്തെ മറികടക്കാന്‍ ഒരു ഘട്ടത്തിലും അര്‍ജന്റീനയ്ക്ക് കഴിഞ്ഞില്ല എന്നത് ലാറ്റിനമേരിക്കന്‍ സിംഹങ്ങളുടെ വലിയ പരാജയം തന്നെയാണ്.

4-5-1എന്ന ഫോര്‍മാറ്റില്‍ ആയിരുന്നു സൗദി അറേബ്യ കളിക്കളത്തിലിറങ്ങിയത്. ഈ ഒരു ഫോര്‍മാറ്റ് എല്ലാ ഘട്ടത്തിലും തുടര്‍ന്നുസൂക്ഷിക്കാനും അവര്‍ക്ക് സാധിച്ചു. 4-4-2 എന്ന ഫോര്‍മാറ്റില്‍ കളിക്കാനിറങ്ങിയ അര്‍ജന്റീനയ്ക്ക് സൗദിയുടെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ആയതുമില്ല. അപരാജിതമായ 37-ാം മാച്ച് എന്നതും ഇറ്റലിയുടെ റെക്കോര്‍ഡിനൊപ്പമെത്താമെന്നതും അര്‍ജന്റീനയുടെ ഒരു സ്വപ്‌നമായി അവശേഷിച്ചു. മെസ്സിയുടെ ക്യാപ്റ്റൻസിയിൽ ലോകകിരീടം എന്ന ലക്ഷ്യവുമായി എത്തിയ അർജന്റീനയ്ക്ക് ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News