ആരാധകര്‍ക്ക് സണ്ണി ലിയോണിന്‍റെ സമ്മാനം: ഇത്തവണ എത്തുന്നത് പ്രീമിയര്‍ ഫുട്സാലിലൂടെ

Last Updated : Sep 8, 2017, 04:43 PM IST
ആരാധകര്‍ക്ക് സണ്ണി ലിയോണിന്‍റെ സമ്മാനം: ഇത്തവണ എത്തുന്നത് പ്രീമിയര്‍ ഫുട്സാലിലൂടെ

കൊച്ചിയിലെ സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ഷോറൂം ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണ്‍ പ്രിമിയര്‍ ഫുട്സാലിലൂടെ വീണ്ടും കേരളത്തില്‍. 

കൊച്ചി ആസ്ഥാനമായുള്ള കേരള കോബ്രാസിന്‍റെ ബ്രാന്‍ഡ്‌ അംബാസഡറായും സഹ ഉടമയുമായിട്ടാണ് സണ്ണി ലിയോണ്‍  കേരളത്തിലേക്ക് എത്തുന്നത്. പ്രിമിയര്‍ ഫുട്സാലാണ് ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ഉദ്ഘാടനത്തിനെത്തിയ സണ്ണി ലിയോണിന് ഗംഭീര വരവേല്‍പ്പായിരുന്നു കേരളത്തിലെ ആരാധകര്‍ നല്‍കിയത്. ലിയോണിനെ ഒരു നോക്കു കാണാനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ എം.ജി റോഡിന്‍റെ വിവിധ ഭാഗങ്ങളിലും വരെ ആരാധകര്‍ ഒത്തുകൂടിയിരുന്നു. ഇതേത്തുടര്‍ന്ന് എം.ജി റോഡ്‌ പൂര്‍ണ്ണ സ്തംഭനാവസ്ഥയിലായിരുന്നു.

പ്രിമിയര്‍ ഫുട്സാല്‍ ലീഗ് സീസണ്‍-2ന്‍റെ മത്സരങ്ങള്‍ സെപ്റ്റംബര്‍ 15ന് മുംബൈയില്‍ തുടക്കം കുറിക്കും. 17 വരെയുള്ള മത്സരങ്ങള്‍ വേര്‍ളിയിലെ എന്‍.എസ്.സി.ഐ സ്റ്റേഡിയത്തില്‍ നടക്കും. 

അടുത്ത റൗണ്ട് മത്സരങ്ങൾ ബംഗളുരൂവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ 24 വരെ നടക്കും. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 1 വരെയുള്ള സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ ദുബൈയില്‍ നടക്കുമെന്നും പ്രിമിയര്‍ ഫുട്സാല്‍ വ്യക്തമാക്കി.

ആദ്യ സീസണില്‍ പങ്കെടുത്ത ഫുട്ബോള്‍ വമ്പന്മാരായ ലൂയിസ് ഫിഗോ, റിയാൻ ഗിഗ്സ്, പോൾ സ്കോള്‍സ്, ഹെർനാൻ ക്രെസ്പോ, മൈക്കൽ സാൽഗോഡോ, ഫാൽകാവോ, റൊണാൾഡീഞ്ഞോ എന്നിവര്‍ ഈ സീസണിലും പങ്കെടുക്കും.

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള സണ്ണി ലിയോണിലൂടെ ഫുട്സാല്‍ ലീഗിനും പ്രചാരം നല്‍കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പ്രീമിയര്‍ ഫുട്സാല്‍. ബ്രാന്‍ഡ്‌ അംബാസഡറായും സഹ ഉടമയുമായി പ്രഖ്യാപിച്ച സണ്ണി ലിയോണിനെ കേരളത്തിലെ ആരാധകര്‍ ഏറ്റെടുക്കുക തന്നെ ചെയ്യും.

Trending News