സ്വിറ്റ്‌സര്‍ലന്‍ഡിന് തിരിച്ചടി: രണ്ടു പ്രധാന താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക്

സ്വിറ്റ്‌സര്‍ലാന്‍ഡിന്‍റെ സൂപ്പര്‍ താരങ്ങളായ ഗ്രാനിത് ഷാക്കയ്ക്കും ജെര്‍ദാന്‍ ഷകീരിക്കുമെതിരെ ഫിഫയുടെ വിലക്ക്. 

Last Updated : Jun 24, 2018, 06:47 PM IST
സ്വിറ്റ്‌സര്‍ലന്‍ഡിന് തിരിച്ചടി: രണ്ടു പ്രധാന താരങ്ങള്‍ക്ക് ഫിഫയുടെ വിലക്ക്

റഷ്യ: സ്വിറ്റ്‌സര്‍ലാന്‍ഡിന്‍റെ സൂപ്പര്‍ താരങ്ങളായ ഗ്രാനിത് ഷാക്കയ്ക്കും ജെര്‍ദാന്‍ ഷകീരിക്കുമെതിരെ ഫിഫയുടെ വിലക്ക്. 

സെര്‍ബിയയ്‌ക്കെതിരായ മത്സരത്തിലെ ഗോളാഘോഷം വിവാദമായതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. സെര്‍ബിയയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ ഫിഫ രണ്ട് മത്സരങ്ങളിലാണ് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

സെര്‍ബിയയ്‌ക്കെതിരെ ഗോള്‍ നേടിയ ഷകീരിയും ഷാക്കയും ഗോളടിച്ചതിന് ശേഷം തങ്ങളുടെ ഇരുകൈകളും ചേര്‍ത്ത് ഇരുതലയുളള പരുന്തിന്‍റെ രൂപമാക്കിയാണ് ആഘോഷിച്ചത്.

അല്‍ബേനിയയുടെ ദേശീയപതാകയിലെ ചിഹ്നമാണിത്. സെര്‍ബിയയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് കുടിയേറ്റക്കാരായി എത്തിയ താരങ്ങള്‍ക്ക് സെര്‍ബിയയോടുള്ള രാഷ്ട്രീയം കൂടിയായിരുന്നു മത്സരം. മുമ്പ് സെര്‍ബിയയുടെ അധീനതയിലായിരുന്ന കൊസോവയില്‍ ജനിച്ച ഷകീരിക്കും ഷാക്കയ്ക്കും തങ്ങളെ നാടുകടത്തിയവര്‍ക്കുള്ള മറുപടിയായിരുന്നു ഗോള്‍ ആഘോഷം. അതുകൊണ്ട് തന്നെയാണ് ഇവര്‍ ഗോളാഘോഷം ഈ രീതിയിലാക്കിയത്. 

അതേസമയം, ലോകകപ്പ് ഫിക്‌സ്ചര്‍ ഒരുങ്ങിയത് മുതല്‍ സെര്‍ബിയയും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള മല്‍സരത്തിനായി ഇരു താരങ്ങളും കാത്തിരിക്കുകയായിരുന്നു. സെര്‍ബിയന്‍ താരങ്ങളുമായി വെല്ലുവിളികളും വാഗ്വാദങ്ങളും വരെ എത്തിയിരുന്നു കാര്യങ്ങള്‍.

അതേസമയം സ്വിസ് താരങ്ങള്‍ക്കതിരെ മാത്രമല്ല സെര്‍ബിയന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെയും സെര്‍ബിയന്‍ ടീമിന്‍റെ കോച്ചിന് എതിരെയും അന്വേഷണം നടത്തുമെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മത്സരം നടക്കുമ്പോള്‍ താരങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന തരത്തില്‍ ബഹളം വച്ചതും, സ്വിസ് താരങ്ങള്‍ക്കെതിരെ രാഷ്ട്രീയ അധിക്ഷേപങ്ങള്‍ നടത്തിയെന്നും പുറത്തു വന്ന വാര്‍ത്തയാണ് സെര്‍ബിയന്‍ ടീമിന് വിനയായത്.

മറ്റ് രാജ്യങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുന്ന താരങ്ങളെയും ഓഫീഷ്യലുകളെയും വിലക്കാന്‍ ഫിഫയ്ക്ക് അധികാരമുണ്ട്. ഗോള്‍ നേടിയതിന്‍റെ സന്തോഷപ്രകടനം മാത്രമായിരുന്നു ആ ആംഗ്യമെന്ന് ഷകീരി പറഞ്ഞിരുന്നു. എന്നാല്‍, എതിര്‍ ടീമിലെ താരങ്ങള്‍ക്ക് തന്നോട് ദേഷ്യമാണ്, അതു കൊണ്ടാണ് ആ ആംഗ്യം കാണിച്ചത് എന്നായിരുന്നു ഷാക്ക പറഞ്ഞത്.

 

 

 

 

Trending News