സിരി ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!!

സിരി ഉപയോക്താക്കളുടെ ശബ്ദ ശകലങ്ങള്‍ മൂന്നാം കക്ഷി കരാറുകാരിലേക്ക് എത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

Last Updated : Jul 28, 2019, 03:26 PM IST
സിരി ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!!

ആപ്പിള്‍ ഉപകരണങ്ങളിലെ വോയ്സ് അസിസ്റ്റന്റ് സേവനമായ സിരി ഉപയോക്താക്കള്‍ ഇനി ശ്രദ്ധിക്കുക. നിങ്ങള്‍ പറയുന്നത് മൂന്നാമതൊരാള്‍ കേള്‍ക്കുന്നുണ്ട്. 

സിരി ഉപയോക്താക്കളുടെ ശബ്ദ ശകലങ്ങള്‍ മൂന്നാം കക്ഷി കരാറുകാരിലേക്ക് എത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആരോഗ്യ വിവരങ്ങള്‍, ലൈംഗിക സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്ന് ആപ്പിളിന്‍റെ കരാറുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാള്‍ വെളിപ്പെടുത്തിയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആപ്പിളും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ സംസാരത്തിനിടെ ആക്ടിവേഷന്‍ വാക്ക് തെറ്റിദ്ധരിച്ച് സിരി അബദ്ധത്തില്‍ ആക്റ്റിവേറ്റ് ആവാറുണ്ടെന്നും ഈ സമയങ്ങളില്‍ പല സംഭാഷണങ്ങളും സിരി കേള്‍ക്കുന്നുണ്ടെന്നും വിവരം പുറത്തുവിട്ട വ്യക്തി പറയുന്നു. 

വ്യവസായികള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍, ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള സംഭാഷണങ്ങള്‍, കുറ്റവാളികളുടെ സംഭാഷണങ്ങള്‍ എന്നിവ സിരി പലപ്പോഴും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.

വോയ്‌സ് അസിസ്റ്റന്റ് മെച്ചപ്പെടുത്തുന്നതിനായി സിരി റെക്കോര്‍ഡ് ചെയ്യുന്ന ചില ശബ്ദങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് ആപ്പിളിന്‍റെ പ്രതികരണം. സിരി വോയ്‌സ് അസിസ്റ്റന്റിന്റെ സേവനം മെച്ചപ്പെടുത്തുന്നതിനായി നിയോഗിച്ച കരാറുകാരിലേക്കാണ് ശബ്ദ റെക്കോര്‍ഡിങ്ങുകള്‍ എത്തുന്നത്. 

ഐഫോണ്‍, മാര്‍ക്ക് ഉപകരണങ്ങളിലാണ് സിരി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. പലപ്പോഴും ആപ്പിള്‍ വാച്ചും ഹോംപാഡുമാണ് ആളുകളുടെ സ്വകാര്യ സംഭാഷണങ്ങള്‍ അബദ്ധത്തില്‍ റെക്കോര്‍ഡ് ചെയ്യാറുള്ളത്. 

അബദ്ധത്തില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നത് സാങ്കേതിക പിഴവായാണ് കണക്കാക്കാറുള്ളത്. എന്നാല്‍ ഇങ്ങനെയുള്ള ശബ്ദശകലങ്ങളില്‍ ഉണ്ടാവുന്ന രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ എങ്ങനെ സൂക്ഷിക്കുമെന്നതിലുള്ള ഫലപ്രദമായ നടപടികളൊന്നുമില്ല.

ആമസോണ്‍ അലെക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയ്ക്കും സമാനമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരു സ്ഥാപനങ്ങളും ഉപയോക്താക്കളുടെ ശബ്ദം ശേഖരിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

Trending News