ഇഡ്ഡലിയും സാമ്പാറും ഇനി ബഹിരാകാശത്തേക്ക്!

മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലേബാറട്ടറിയിലാണ് (ഡി.എഫ്.ആര്‍.എല്‍) ഇതിന്‍റെ പരീക്ഷണം നടക്കുന്നത്.

Last Updated : Sep 16, 2018, 05:00 PM IST
ഇഡ്ഡലിയും സാമ്പാറും ഇനി ബഹിരാകാശത്തേക്ക്!

2022ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ഇഡ്ഡലിയും സാമ്പാറും. ഇതിനായി ഗഗന്‍യാനില്‍ കൊണ്ടുപോകേണ്ട ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് ഇഡ്ഡലിയും സാമ്പാറും.

മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലേബാറട്ടറിയിലാണ് (ഡി.എഫ്.ആര്‍.എല്‍) ഇതിന്‍റെ പരീക്ഷണം നടക്കുന്നത്. അതേസമയം, ദൗത്യത്തില്‍ പങ്കാളികളാകേണ്ട ശാസ്ത്രജ്ഞന്മാര്‍ ആരൊക്കെയാണെന്ന്  ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. 

റൊട്ടി, ഗോതമ്പ് റോള്‍, ഇഡ്ഡലിയും സാമ്പാറും, കിച്ചടി, അവല്‍, മാങ്ങയുടെയും പൈനാപ്പിളിന്‍റെയും ജ്യൂസ് തുടങ്ങി പൊട്ടറ്റോ ചിപ്‌സ് വരെയുള്ള വിവിധ ഭക്ഷണങ്ങളാണ് ബഹിരാകാശത്തേക്ക് പറക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി കാത്തിരിക്കുന്നത്.

ബഹിരാകാശ യാത്രികര്‍ക്കായി റെഡി ടു ഈറ്റ്, ഈസി ടു മേക്ക് ഭക്ഷണങ്ങളാണ് ഒരുക്കുക. കഴിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മാവുകൊണ്ട് നിര്‍മിക്കുന്ന പാത്രവും ഗ്ലാസും സ്പൂണും വരെ ബഹിരാകാശ യാത്രികര്‍ക്കായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്.

ബഹിരാകാശ യാത്രക്കിടെ പലവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന യാത്രക്കാര്‍ക്ക് അവരുടെ ഭക്ഷണം ആവശ്യമായ ഊര്‍ജം ഉറപ്പാക്കുന്നതും രോഗപ്രതിരോധത്തിന് സഹായിക്കുന്നതുമായിരിക്കണം.

ഗുരുത്വാകര്‍ഷണമില്ലാത്തയിടങ്ങളില്‍ ഉപയോഗിക്കാനാവും വിധം പ്രത്യേകമായാണ് ബഹിരാകാശയാത്രികര്‍ക്കായി ഭക്ഷണം ഒരുക്കുക.

ഇതിനാവശ്യമായ എല്ലാ സാങ്കേതികവിദ്യയും സ്ഥാപനത്തിലുണ്ടെന്നും തുടര്‍നടപടികള്‍ക്ക് സര്‍ക്കാരിന്‍റെ അനുമതി കാത്തിരിക്കുകയാണെന്നും ഡി.എഫ്.ആര്‍.എല്‍ അസോസിയേറ്റ് ഡയറക്ടര്‍ എ.ഡി. സെംവാല്‍ പറഞ്ഞു. 
 

Trending News