പൊലീസ് സ്റ്റേഷനുകളില്‍ ഇനി റിമോട്ട് സിസിടിവി ക്യാമറകള്‍!

എറണാകുളം റൂറല്‍, സിറ്റി പോലീസ് മേധാവികളുടെ ഓഫീസുകളില്‍ 274 ക്യാമറകളും മോണിറ്ററിംഗ് സംവിധാനവുമാണ് സജ്ജമായത്.

Updated: Nov 3, 2018, 05:22 PM IST
പൊലീസ് സ്റ്റേഷനുകളില്‍ ഇനി റിമോട്ട് സിസിടിവി ക്യാമറകള്‍!

പൊലീസ് സ്‌റ്റേഷനകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയാനായി റിമോട്ട് സിസിടിവി ക്യാമറകള്‍.

ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് മോണിട്ടറിംഗ് സിസിടിവി ക്യാമറകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിച്ചു തുടങ്ങി. 

സംസ്ഥാന സര്‍ക്കാരിനും പോലീസിനും ഏറെ പേരുദോഷമുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

എറണാകുളം റൂറല്‍, സിറ്റി പോലീസ് മേധാവികളുടെ ഓഫീസുകളില്‍ 274 ക്യാമറകളും മോണിറ്ററിംഗ് സംവിധാനവുമാണ് സജ്ജമായത്.

സ്റ്റേഷനുകളില്‍ മുമ്പ് സ്ഥാപിച്ചിരുന്ന പഴയ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമായ സ്ഥലങ്ങളില്‍ അവ കൂടി റിമോട്ട് മോണിട്ടറിംഗ് സംവിധാനവുമായി ബന്ധിപ്പിക്കും. 

പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ ജില്ലാ സംസ്ഥാന പോലീസ് മേധാവികള്‍ക്ക് ഒരേ സമയം നിരീക്ഷിക്കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. 

ഒരു കോടിയിലധികം രൂപ ചെലവഴിച്ചുള്ള രണ്ടാം ഘട്ട പദ്ധതിക്ക് ഇ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ തലസ്ഥാനത്ത് മ്യൂസിയം പോലീസ് സ്‌റ്റേഷനിലും പരീക്ഷണാടിസ്ഥാനത്തില്‍ ക്യാമറകള്‍ ഘടിപ്പിച്ചുകഴിഞ്ഞു. 

ചില സാങ്കേതിക ജോലികള്‍ കൂടി പൂര്‍ത്തിയായാല്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനും കമ്മിഷണറുടെയും ഡി.ജി.പിയുടെയും കണ്‍വെട്ടത്താകും.

പതിനഞ്ച് ദിവസം വരെ ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നതിനാല്‍ ആവശ്യമെങ്കില്‍ ദൃശ്യങ്ങള്‍ തെളിവുകളായി ഉപയോഗിക്കാം.