ന്യൂഡല്‍ഹി: യൂബര്‍ ടെക്‌നോളജിയുടെ യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ സ്വന്തമാക്കി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ.
യൂബര്‍ ടെക്‌നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂര്‍ണ്ണമായും വാങ്ങിയതായി സൊമാറ്റോ അറിയിച്ചു.
സൊമാറ്റോയില്‍ യൂബറിന് 10 ശതമാനം ഓഹരി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 350 മില്യൺ ഡോളർ, ഏകദേശം 2,492 കോടി രൂപയുടെ ഇടപാടാണ് ഇതിലൂടെ നടന്നിരിക്കുന്നത്.
2017ല്‍ ആരംഭിച്ച യൂബര്‍ ടെക്‌നോളജിയുടെ ഭക്ഷണ വിതരണ സംരഭത്തിന് പ്രാദേശിക കമ്പനികളായ സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും സ്ഥാപിച്ച ആധിപത്യം മറികടക്കാനായിരുന്നില്ല.
സൊമാറ്റോ, സ്വിഗ്ഗി, ഊബര്‍ ഈറ്റ്സ് എന്നീ മൂന്ന് ഭക്ഷണ വിതരണ ആപ്പുകള്‍ തമ്മിലുണ്ടായിരുന്ന ത്രികോണ മത്സരത്തില്‍ ഊബര്‍ ഈറ്റ്സിനു പിടിച്ചു നില്‍ക്കാന്‍ സാധിച്ചിരുന്നില്ല എന്നതാണ് വസ്തുത.
മാര്‍ക്കറ്റില്‍ സ്വിഗ്ഗി തുടരുന്ന ആധിപത്യം മറികടക്കാന്‍ സൊമാറ്റോയ്ക്കും കഴിഞ്ഞിരുന്നില്ല. സ്വിഗ്ഗിയുടെ മാര്‍ക്കറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൂടിയാണ് സൊമാറ്റോയുടെ ഈ നീക്കത്തിനു പിന്നില്‍.
ഇന്ത്യയിലെ യൂബര്‍ ഈറ്റ്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം വഴിയായിരിക്കും. യൂബര്‍ ഈറ്റ്‌സിന്‍റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറി.
പുതിയൊരു ഓണ്‍ലൈന്‍ ഭക്ഷണ ശൃംഖലയ്ക്ക് തുടക്കമിട്ടതിലും ഇന്ത്യയിലെ അഞ്ഞൂറിലധികം നഗരങ്ങളിൽ പ്രമുഖ ഭക്ഷ്യ വിതരണ ബിസിനസ് സ്ഥാപിച്ചതിലും അഭിമാനിക്കുന്നതായി സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍ പറയുന്നു.