ചരിത്രം ഉറങ്ങുന്ന നാഞ്ചിനാടിന്റെ ചിതറാൽ കാഴ്ചകൾ...

പാറയില്‍ക്കൊത്തിയ ധ്യാന നിരതനായ തീര്‍ഥങ്കരന്മാരുടെ വിവിധ രൂപങ്ങളും സന്യാസി - സന്യാസിനീ ശില്‍പ്പങ്ങളും ക്ഷേത്രത്തിലുണ്ട്.

Written by - ഗോവിന്ദ് ആരോമൽ | Last Updated : Mar 12, 2022, 11:40 AM IST
  • ഗുഹാ ശില്‍പ്പങ്ങളിലെ ധര്‍മ്മ ദേവതയുടെ ശിൽപം പ്രസിദ്ധമാണ്
  • മലൈകോവില്‍ എന്നാണ് പ്രദേശവാസികൾ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്
  • ജൈനക്ഷേത്രം വിക്രമാദിത്യ വരഗുണനെന്ന രാജാവിന്റെ കാലത്ത് പണികഴിപ്പിക്കപ്പെട്ടുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്
  • രാവിലെ 8:30 മുതല്‍ വൈകിട്ട് നാല് മണിവരെയാണ് പ്രവേശനം അനുവദിക്കുന്നത്, 3.30 ന് ക്ഷേത്ര നട അടക്കും
ചരിത്രം ഉറങ്ങുന്ന നാഞ്ചിനാടിന്റെ ചിതറാൽ കാഴ്ചകൾ...

നാഞ്ചിനാടിന്റെ വശ്യഭംഗി ആവോളം ആവാഹിച്ച മനോഹരമായ ഒരു ക്യാൻവാസാണ് ചിതറാൽ. വശ്യഭംഗിയുടെയും ഭക്തിയുടെയും ചരിത്രത്തിന്റെയും സംക്രമണ ഭൂമി. തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയില്‍ കന്യാകുമാരി ജില്ലയിൽ മാര്‍ത്താണ്ഡത്തിനടുത്താണ് ചിതറാൽ. ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ജൈന ക്ഷേത്രമാണിവിടുത്തെ മുഖ്യ ആകര്‍ഷണം. അക്കാലത്തെ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഈ ജൈന ക്ഷേത്രം. ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈ പുരാതന ക്ഷേത്രം. പാറയില്‍ക്കൊത്തിയ ധ്യാന നിരതനായ തീര്‍ഥങ്കരന്മാരുടെ വിവിധ രൂപങ്ങളും സന്യാസി - സന്യാസിനീ ശില്‍പ്പങ്ങളും ക്ഷേത്രത്തിലുണ്ട്.

ഗുഹാ ശില്‍പ്പങ്ങളിലെ ധര്‍മ്മ ദേവതയുടെ ശിൽപം പ്രസിദ്ധമാണ്. മലൈകോവില്‍ എന്നാണ് പ്രദേശവാസികൾ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. ജൈനക്ഷേത്രം വിക്രമാദിത്യ വരഗുണനെന്ന രാജാവിന്റെ കാലത്ത് പണികഴിപ്പിക്കപ്പെട്ടുവെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ചിതറാല്‍ ഗ്രാമത്തിലെത്തിയാല്‍ ജൈനക്ഷേത്രത്തിലേക്ക് യാത്രികരെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ പ്രവേശനകവാടം കാണാം. അവിടെനിന്നും അരക്കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ചിതറാല്‍ ജൈനക്ഷേത്രത്തിലേക്കുള്ള വഴിയിൽ എത്താം. രാവിലെ 8:30 മുതല്‍ വൈകിട്ട് നാല് മണിവരെയാണ് പ്രവേശനം അനുവദിക്കുന്നത്. 3.30 ന് ക്ഷേത്ര നട അടക്കും. പ്രവേശനകവാടത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ കരിങ്കല്‍ പാകിയ നടവഴിയിലൂടെ കുന്നിൻ മുകളിലേക്ക് കയറിച്ചെന്നാല്‍ ക്ഷേത്രത്തിന് സമീപത്തെത്താം. നടന്നു തുടങ്ങുമ്പോള്‍ ഇടയ്ക്കിടെ തലയുയര്‍ത്തി മുകളിലെത്തിയോ എന്ന് നോക്കാത്തവരുണ്ടാകില്ല. ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ വിദൂരതയിലുളള കാഴ്ചകള്‍ ദൃശ്യമായിത്തുടങ്ങും. മധ്യഭാഗത്ത്  എത്തുമ്പോള്‍ ഒരു പൂന്തോട്ടം ഉണ്ട്. 

ചെത്തിയെടുത്ത കരിങ്കല്‍ പാകി ഇരുവശങ്ങളിലും ചെടികളും, വൃക്ഷത്തൈകളും വച്ചുപിടിപ്പിച്ച്, കരിയിലകളെല്ലാം നീക്കം ചെയ്ത് നടപ്പാത വൃത്തിയായി സംരക്ഷിച്ചു വരുന്നു. ഇടക്കിടെ പ്രകൃതിയോടിണങ്ങിയ വിധത്തില്‍ കരിങ്കല്ലില്‍ നിര്‍മ്മിച്ച ഇരിപ്പിടങ്ങളുമുണ്ട്. അത് എന്തായാലും ഏവർക്കും ആശ്വാസം പകരും. കൈയിൽ വെള്ളവും ഭക്ഷണവും കരുതുന്നതും നന്നായിരിക്കും. കാരണം തിരിച്ചു എത്തുന്നത് വരെ വെള്ളം കുടിക്കാനോ വിശപ്പ് അകറ്റാനോ വേറെ മാർ​ഗം ഉണ്ടാകില്ല.

കുന്നിലെ നിരന്ന ഭാഗത്ത് എത്തുമ്പോൾ കരിങ്കല്ല് കൊണ്ടുള്ള ക്ഷേത്ര കവാടം കാണാൻ സാധിക്കും. ആ ചെറിയ കവാടത്തിലൂടെ കടന്ന് ഗുഹാമുഖത്തിലൂടെ താഴോട്ടിറങ്ങി വേണം ക്ഷേത്രമുറ്റത്തെത്താന്‍. പാറയില്‍ക്കൊത്തിയ ധ്യാന രൂപത്തിലുള്ള തീര്‍ഥങ്കരന്റെ വിവിധ രൂപങ്ങളും ശില്‍പ്പങ്ങളും ക്ഷേത്രത്തിൽ കാണാൻ സാധിക്കും. ക്ഷേത്രത്തിന്റെ ചുവരുകളില്‍ വർദ്ധമാന മഹാവീരന്റെ വിഗ്രഹരൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. ഇടത് വശത്ത് ഒരു നാഗപ്രതിഷ്ഠയുണ്ട്. മലയുടെ ഒരുവശത്തായുള്ള പാറ തുരന്ന് കൊത്തിയെടുത്ത തൂണുകളോടെ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ മൂന്ന് ഗര്‍ഭഗൃഹങ്ങളാണുള്ളത്. അവയില്‍ അവസാനത്തെ തീര്‍ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്റെയും പാര്‍ശ്വനാഥന്റെയും പത്മാവതിയുടെയും വിഗ്രഹങ്ങൾ ഉണ്ട്. ക്ഷേത്രത്തിനകത്ത് ക്യാമറ ഉപയോ​ഗിക്കാൻ അനുമതിയില്ല.

ക്ഷേത്രത്തിന് മുന്നിലുളള പടികള്‍ ഇറങ്ങിചെല്ലുന്നത് ഒരു വലിയ പാറക്കുളത്തിലേക്കാണ്. എന്നാൽ ഇതിലെ ജലം വൃത്തിയില്ലാത്ത അവസ്ഥയിലാണ്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും നിക്ഷേപിച്ച് സന്ദര്‍ശകര്‍ ഈ കുളം മലിനമാക്കിയിരിക്കുകയാണ്. തിരികെ പടികള്‍ കയറി വീണ്ടും മൂന്ന് കല്‍ കവാടത്തിലെത്തി വലതുവശത്തേക്ക് തിരിഞ്ഞാല്‍ ക്ഷേത്രത്തിന് മുകളിലത്തൊം. ചിതറാൽ മലയുടെ മുകളിൽ നിന്നുള്ള പ്രകൃതി ദൃശ്യങ്ങൾ വർണനകൾക്ക് അതീതമാണ്. ചിതറാൽ മലയിൽ നിന്നുള്ള സൂര്യാസ്തമയ ദൃശ്യം അവർണ്ണനീയമാണ്‌.

തിരികെ പടിയിറങ്ങി ആല്‍മരത്തിന് ചുവട്ടിലെത്തി മുന്നോട്ട് നടന്നാല്‍ വലിയ ഒരു പാറയുണ്ട്. അതിന് മുകളില്‍ നിന്നാല്‍ വീണ്ടും വിസ്മയകാഴ്ചകള്‍. ജീവിതയാത്രയില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. അത്രയേറെ കാഴ്ചകളാണ് ഈ ചരിത്ര ഗ്രാമം സമ്മാനിക്കുന്നത്. തമിഴ്നാട്ടിലാണെങ്കിലും കേരളത്തിനോട് അടുത്ത് കിടക്കുന്ന പ്രദേശമാണിത്. തിരുവനന്തപുരം നഗരത്തിൽ നിന്നും 52 കിലോമീറ്ററാണ് ചിതറാൽ മലയിലേക്ക്. തിരുവനന്തപുരം-കാട്ടാക്കട-വെള്ളറട-ചെറിയകൊല്ല വഴി പോകുന്നതാണ് കൂടുതൽ എളുപ്പം. കഴിയുന്നതും രാവിലെയോ വൈകിട്ട് മൂന്ന് മണിക്കോ എത്തുന്ന വിധത്തിൽ ചിതറാൽ സന്ദർശിക്കാൻ പോകുന്നതാണ് നല്ലത്. 20 രൂപയാണ് പ്രവേശന ഫീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News