100 അടി നീളവും സ്വിമ്മിങ് പൂളും ; ലോകത്തെ ഏറ്റവും വലിയ കാറിന് ശാപമോക്ഷം

ഓട്ടോസിയം എന്ന സാങ്കേതിക മ്യൂസിയത്തിന്റെ ഉടമയായ മൈക്കല്‍ മാനിങ് തുടങ്ങിവെച്ചതാണ് ഈ കൂറ്റൻ കാറിന്റെ നിർമ്മാണം

Written by - അശ്വതി എസ്എം | Edited by - M Arun | Last Updated : Mar 14, 2022, 08:03 PM IST
  • ഇ ബേയില്‍ വില്‍പനക്ക് വെച്ച അമേരിക്കന്‍ ഡ്രീമിന്റെ പരസ്യം കണ്ടാണ് മാനിങ് ഇത് സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്
  • കമ്പനിയുമായി ചേര്‍ന്ന് ഒരു പുനര്‍നിര്‍മാണ കരാറുണ്ടാക്കുകയായിരുന്നു മാനിങ് ചെയ്തത്
  • പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തികം ഇതിന് വേണ്ടി വരുന്നതിനാല്‍ അമേരിക്കന്‍ ഡ്രീം വീണ്ടും കട്ടപ്പുറത്തായി
100 അടി നീളവും  സ്വിമ്മിങ് പൂളും ; ലോകത്തെ ഏറ്റവും വലിയ കാറിന് ശാപമോക്ഷം

100 അടി നീളം, സ്വിമ്മിങ് പൂള്‍, ഹെലിപാഡ് ഇതൊക്കെ ഒരു കാറിൽ ഉണ്ടാകുന്നത് സങ്കൽപിക്കാനാകുമോ? എന്നാൽ ഇത്തരം സവിശേഷതകളുള്ള ഒരു കാർ ഉണ്ട്. ലോകത്തെ ഏറ്റവും വലിയ കാർ എന്ന വിശേഷണത്തിന് ഉടമയായ ദി അമേരിക്കൻ ഡ്രീമിലാണ് ഈ സൗകര്യങ്ങളുള്ളത്. പതിറ്റാണ്ടുകൾ കട്ടപ്പുറത്തായിരുന്ന ഈ കൂറ്റൻ കാറിന് പുനർ ജന്മം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.  

ഓട്ടോസിയം എന്ന സാങ്കേതിക മ്യൂസിയത്തിന്റെ ഉടമയായ മൈക്കല്‍ മാനിങ് തുടങ്ങിവെച്ചതാണ് ഈ കൂറ്റൻ കാറിന്റെ നിർമ്മാണം. ഇപ്പോൾ ഈ ഭീമന്റെ പുനര്‍നിര്‍മാണം ഡെസെര്‍ലാന്റ് പാര്‍ക്ക് കാര്‍ മ്യൂസിയം ഉടമ മൈക്കല്‍ ഡെസെറാണ് പൂര്‍ത്തിയാക്കുന്നത്. ഇ ബേയില്‍ വില്‍പനക്ക് വെച്ച അമേരിക്കന്‍ ഡ്രീമിന്റെ പരസ്യം കണ്ടാണ് മാനിങ് ഇത് സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്.

അമേരിക്കന്‍ ഡ്രീമിന്റെ ഉടമസ്ഥരായ കമ്പനിയുമായി ചേര്‍ന്ന് ഒരു പുനര്‍നിര്‍മാണ കരാറുണ്ടാക്കുകയായിരുന്നു മാനിങ് ചെയ്തത്. സംഭാവനകള്‍ സ്വീകരിച്ച്  അമേരിക്കന്‍ ഡ്രീം പുനര്‍നിര്‍മിക്കാനായിരുന്നു മാനിങ്ങിന്റെ പദ്ധതി. എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തികം ഇതിന് വേണ്ടി വരുന്നതിനാല്‍ അമേരിക്കന്‍ ഡ്രീം വീണ്ടും കട്ടപ്പുറത്തായി. പിന്നീട്  ഏതാണ്ട് എട്ടു വര്‍ഷത്തോളം മാനിങിന്റെ മ്യൂസിയത്തിന്റെ പുറകുവശത്ത് അമേരിക്കന്‍ ഡ്രീം വീണ്ടും തുരുമ്പെടുത്ത് കിടന്നു.

തുടര്‍ന്ന്  ഓട്ടോസിയത്തിന്റെ വാടക കാലാവധി കഴിഞ്ഞതോടെ  അമേരിക്കന്‍ ഡ്രീമിനെ അവിടെ നിന്നും മാറ്റണമെന്ന അവസ്ഥയിലെത്തി. ഇതോടെ വീണ്ടും ഇ ബേയില്‍ അമേരിക്കന്‍ ഡ്രീമിനെ വില്‍പനക്ക് വെക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. 2019ല്‍ ഈ പരസ്യം കണ്ടാണ്  മൈക്കല്‍ ഡെസര്‍ മാനിങിനെ സമീപിക്കുന്നത്. അമേരിക്കന്‍ ഡ്രീമിനെ സ്വന്തമാക്കിയ ഡെസര്‍ ഇത് ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ എത്തിച്ചാണ് പുനര്‍നിര്‍മാണം നടത്തിയത്.

രണ്ടാക്കി വേര്‍പെടുത്തി ട്രെയ്‌ലറുകളില്‍ കയറ്റിയാണ് ന്യൂയോര്‍ക്കില്‍ നിന്നാണ് കാര്‍ ഓര്‍ലാന്റോയിലെത്തിച്ചത്. ഈയൊരു ചരക്കു നീക്കത്തിന് മാത്രം 2.50 ലക്ഷം ഡോളറാണ് ഇവര്‍ക്ക് ചിലവായത്. എന്നാൽ പിന്നീടുള്ള പുനര്‍നിര്‍മാണം ആകെ മൂന്നു വര്‍ഷത്തോളമാണ് നീണ്ടത്. വര്‍ഷങ്ങളോളം കട്ടപ്പുറത്തായിരുന്ന അമേരിക്കന്‍ ഡ്രീമിന്റെ ഉള്‍ഭാഗവും പുറം ഭാഗവും ഏതാണ്ട് പൂര്‍ണമായി തന്നെ പുതുക്കി പണിയേണ്ടതായും വന്നിരുന്നു. പുത്തന്‍ ടയറുകളും പെയിന്റും കൂടി ലഭിച്ചതോടെ അമേരിക്കന്‍ ഡ്രീമിന്റെ രണ്ടാം വരവ് ഗംഭീരമാകുകയായിരുന്നു. 

അമേരിക്കന്‍ ഡ്രീമിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായത് 2022 മാര്‍ച്ച് ഒന്നിനാണ്. ഡെസെര്‍ലാന്റ് പാര്‍ക് കാര്‍ മ്യൂസിയത്തിലെ അപൂര്‍വ കാര്‍ ശേഖരത്തിനൊപ്പം അമേരിക്കന്‍ ഡ്രീമും സര്‍വ്വ പ്രൗഢിയോടെ ഇന്ന്  നില്‍ക്കുന്നു. ഇതോടെ മൂന്ന് പതിറ്റാണ്ടിലേറെ അനാഥമായി കിടന്ന ലോകത്തെ ഏറ്റവും വലിയ കാറിന് പുതുജന്മമാകുകയാണ്. 
30.54 മീറ്ററാണ് ദ അമേരിക്കന്‍ ഡ്രീം എന്നു പേരുള്ള ഈ പടുകൂറ്റന്‍ കാറിന്‍റെ നീളം. 

1986ലാണ് ലോകത്തിലെ ഏറ്റവും നീളമേറിയ കാര്‍ എന്ന ഗിന്നസ് റെക്കോർഡ് അമേരിക്കന്‍ ഡ്രീം സ്വന്തമാക്കിയത്.  1986ല്‍ ലോകപ്രസിദ്ധ കാര്‍ കസ്റ്റമൈയ്‌റായ ജേ ഓര്‍ബെര്‍ഗാണ് കാലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ ദ അമേരിക്കന്‍ ഡ്രീമിന്റെ ആദ്യ രൂപം നിര്‍മിച്ചത്.  അന്ന് 60 അടി നീളവും 26 ചക്രങ്ങളും മുന്നിലും പിന്നിലുമായി രണ്ട് വി8 എൻജിനുകളുമായിരുന്നു അമേരിക്കന്‍ ഡ്രീമിന് ഉണ്ടായിരുന്നത്. 

പിന്നീട് ഓര്‍ബെര്‍ഗ് തന്നെ ഈ കാറിന്റെ നീളം പിന്നെയും കൂട്ടി 100 അടിയിലെത്തിച്ചു. സാധാരണ കാറുകളുടെ നീളം 12 മുതല്‍ 16 അടി വരെയുള്ളപ്പോഴാണ് അമേരിക്കന്‍ ഡ്രീം 100 അടി നീളത്തില്‍ പുറത്തിറങ്ങിയത് എന്നതാണ് പ്രത്യേകത. 1976 മോഡല്‍ കാഡിലാക്ക് എല്‍ഡൊറാഡോ ലിമോസീന് മുകളിലാണ് നൂറടി നീളമുള്ള കാര്‍ കെട്ടിപടുത്തത്. ഈ കാറിനെ ഇരു ഭാഗങ്ങളില്‍ നിന്നും ഓടിക്കാന്‍ കഴിയുമായിരുന്നു. 

രണ്ട് ഭാഗങ്ങൾ നിര്‍മിച്ച ശേഷം കൂട്ടിയോജിപ്പിക്കുന്ന നിര്‍മാണ രീതിയാണ് ഓര്‍ബെര്‍ഗ് ഈ കാറിനായി സ്വീകരിച്ചത്. ബെഡ് റൂമുകള്‍, വലിയ വാട്ടര്‍ബെഡ്, നിരവധി ടിവികളും റെഫ്രിജറേറ്ററുകളും, ഡൈവിങ് ബോര്‍ഡ് അടക്കമുള്ള സ്വിമ്മിങ് പൂള്‍, ബാത്ത് ടബ്, മിനി ഗോള്‍ കോഴ്‌സ്, ഹെലിപാഡ് തുടങ്ങി ലോകത്ത് മറ്റൊരു കാറിലും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത വിശാലമായ സൗകര്യങ്ങളായിരുന്നു അമേരിക്കന്‍ ഡ്രീമിലുണ്ടായിരുന്നത്. 

75 പേരെ വരെ ഉള്‍ക്കൊള്ളാന്‍ ഈ കാറിന് സാധിക്കുമായിരുന്നു. ഹെലിപാഡിന് 2,200 കിലോഗ്രാം ഭാരം വരെ താങ്ങാനാകും. 1986ല്‍ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കുന്നതോടെയാണ് ദ അമേരിക്കന്‍ ഡ്രീം പ്രസിദ്ധമായത്. ലോകത്ത് നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വ്യത്യസ്തമായ വാഹനങ്ങളിലൊന്നായ അമേരിക്കന്‍ ഡ്രീം നിരവധി സിനിമകളിലും  പ്രത്യക്ഷപ്പെട്ടിരുന്നു.

പിന്നീട് വര്‍ഷങ്ങൾ കഴിയും തോറും ഇതിന്റെ പകിട്ട് കുറഞ്ഞു. അറ്റകുറ്റപണികള്‍ക്കുള്ള ചിലവുകൾ  കൂടുകയും ചെയ്തു. ഇതാണ് പ്രൗഢി നഷ്ടപ്പെട്ട് അമേരിക്കന്‍ ഡ്രീം നീണ്ടകാലം കട്ടപ്പുറത്താകാൻ കാരണം

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News