സാൻ ഫ്രാൻസിസ്‌കോ: കോവിഡ് ബാധിച്ചവരിൽ ബ്രെയിൻ ഫോഗ് ഉണ്ടാകുന്നത് ഓരോ വ്യക്തിയുടെയും സ്പൈനൽ ഫ്ലൂയിഡിനെ എപ്രകാരം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നത് ആശ്രയിച്ചാണെന്ന് പഠനങ്ങൾ. കോവിഡിൽ നിന്ന് മുക്തരാകുന്നവരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ (യുസിഎസ്എഫ്) ഒരു ഗവേഷക സംഘം, കോവിഡ് മുക്തരായവരുടെ സെറിബ്രോ സ്പൈനൽ ദ്രാവകം സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കൊറോണ വൈറസ് ഒരു വ്യക്തിയുടെ നട്ടെല്ല് ദ്രാവകത്തിൽ മാറ്റം വരുത്തുന്നു, ഇതാണ് ബ്രെയിൻ ഫോഗിലേക്ക് നയിക്കുന്നതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് അണുബാധയിൽ നിന്ന് മുക്തരാകുന്ന ചില രോഗികളുടെ സ്പൈനൽ ഫ്ലൂയിഡിൽ ഉയർന്ന അളവിൽ പ്രോട്ടീനുകൾ കണ്ടെത്തി. കോവിഡ് ഗുരുതരമായി ബാധിക്കാത്തവരിലും ഇത്തരം അവസ്ഥ കാണുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. അനൽസ് ഓഫ് ക്ലിനിക്കൽ ആൻഡ് ട്രാൻസ്ലേഷണൽ ന്യൂറോളജിയിൽ പഠനം പ്രസിദ്ധീകരിച്ചു.
32 രോഗികളെ വിശകലനം ചെയ്തു, അവരിൽ ആർക്കും ആശുപത്രിയിൽ പ്രവേശനം ആവശ്യമായത്ര ഗുരുതരമായ അണുബാധയുണ്ടായിരുന്നില്ല. ഈ രോഗികളുടെ നട്ടെല്ലിലെ ദ്രാവകം ഗവേഷകർ ശേഖരിച്ച് പഠനം നടത്തി. 32 പേരിൽ 22 പേർക്ക് ബ്രെിയൻ ഫോഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തിയതായും ഗവേഷകർ വ്യക്തമാക്കുന്നു.
എന്താണ് ബ്രെയിൻ ഫോഗ്?
കേന്ദ്ര നാഡീ വ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ ഒരു അവസ്ഥയാണ് ബ്രെയിൻ ഫോഗ്. മാനസിക ഉല്ലാസം നഷ്ടപ്പെടുക, ആശയക്കുഴപ്പം, ഉത്കണ്ഠ എന്നിവയ്ക്ക് ബ്രെയിൻ ഫോഗ് കാരണമാകും. ഒരു കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരിക, ഏകാഗ്രത നഷ്ടമാകുക, ഓമർമ്മക്കുറവ്, വ്യക്തമല്ലാത്ത ചിന്തകൾ എന്നിവയ്ക്കും ബ്രെയിൻ ഫോഗ് കാരണമാകും.
ബ്രെയിൻ ഫോഗ് ഉണ്ടെന്ന് ഉറപ്പാക്കിയാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. കോവിഡ് മസ്തിഷ്കത്തെയും ബാധിക്കുന്നുണ്ടെന്ന് മുൻപ് പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. കോവിഡ് രോഗികളിൽ 58 ശതമാനം പേർക്കും ബ്രെയിൻ ഫോഗ് ലക്ഷണമായി ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...