ഭീകരതയോട് വിട്ടുവീഴ്ച്ചയില്ല; നിലപാട് ആവര്‍ത്തിച്ച് സുഷമ സ്വരാജ്

ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചക്കും ഇന്ത്യ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 16 ാമത് ആര്‍ഐസി സമ്മേളനത്തില്‍ ആണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. 

Last Updated : Feb 27, 2019, 10:15 AM IST
ഭീകരതയോട് വിട്ടുവീഴ്ച്ചയില്ല; നിലപാട് ആവര്‍ത്തിച്ച് സുഷമ സ്വരാജ്

ബെയ്ജിംഗ്: ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചക്കും ഇന്ത്യ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 16 ാമത് ആര്‍ഐസി സമ്മേളനത്തില്‍ ആണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. 

16 ാമത് റഷ്യ-ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്കായി ബെയ്ജിംഗില്‍ എത്തിയതായിരുന്നു അവര്‍. സുഷമ സ്വരാജ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായും കൂടിക്കാഴ്ച്ച നടത്തി. 

ആര്‍ഐസി സമ്മേളനത്തില്‍ പുല്‍വാമ ഭീകരാക്രമണം സുഷമ സ്വരാജ് ശക്തമായി ഉന്നയിച്ചു. ആക്രമിച്ചത് ജയ്‌ഷെ മുഹമ്മദാണെന്ന് അറിയിച്ചിട്ടും പാക്കിസ്ഥാന്‍ നടപടിയെടുത്തില്ല. ഭീകരതയ്‌ക്കെതിരായ അന്താരാഷ്ട്ര ആഹ്വാനം പാക്കിസ്ഥാന്‍ ഗൗരവത്തിലെടുത്തില്ല. 

ഇന്ത്യ നടത്തിയ സൈനിക നീക്കം പാകിസ്ഥാനെതിരെ ആയിരുന്നില്ല എന്നും നടന്നത് ഭീകരവാദത്തിനെതിരായ നടപടിയാണെന്നും സുഷമ സ്വരാജ് വിശദീകരിച്ചു. ജയ്‌ഷെ മുഹമ്മദിന്‍റെ ആസ്ഥാനത്തിന് നേരെ മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും സുഷ്മ വ്യക്തമാക്കി. പാക് സൈനിക പോസ്റ്റുകളെയോ, ജനങ്ങളെയോ ആക്രമിച്ചിട്ടില്ല. ജയ്‌ഷെ മുഹമ്മദ് ഇന്ത്യയില്‍ വീണ്ടും ആക്രമണം നടത്താന്‍ പദ്ധതിയിട്ടു. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഭീകരവാദം വെച്ചുപൊറുപ്പിക്കില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സമ്മേളനത്തില്‍ വ്യക്തമാക്കി. 

പുല്‍വാമജില്ലയിലെ അവന്തിപ്പോറയില്‍ ഫെബ്രുവരി 14ന് ജയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 40  സിആ‌ര്‍പിഎഫ് ജവാന്മാരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്നും വിദേശകാര്യ മന്ത്രി ഓ‌ര്‍മ്മിപ്പിച്ചു.

"ഇന്ത്യയില്‍ രോഷവും ദുഃഖവും തളം കെട്ടി നില്‍ക്കുന്ന അവസരത്തിലാണ് ഞാന്‍ ചൈനയില്‍ എത്തിയിരിക്കുന്നത്. ഞങ്ങളുടെ സുരക്ഷാ സൈനികര്‍ക്കു നേരെയുണ്ടായ ഏറ്റവും നീചമായ ഭീകരാക്രമണമായിരുന്നു അത്. പാക്കിസ്ഥാന്‍റെ പിന്തുണയോടുകൂടി പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത്’ സമ്മേളനത്തില്‍ സുഷമ സ്വരാജ് പറഞ്ഞു. 

കൂടാതെ, ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് ആര്‍ഐസി സമ്മേളനത്തിലും സുഷമ സ്വരാജ് ആവശ്യപ്പെട്ടു. മുന്‍പ് ഇന്ത്യയുടെ ഇതേ ആവശ്യത്തെ യു.എന്‍ സുരക്ഷാ സമിതിയില്‍ ചൈന പലവട്ടം എതിര്‍ത്തിരുന്നു. യു.എന്നില്‍ പാക്കിസ്ഥാനെതിരായ നിലപാടുകളെ ചൈന ശക്തമായി എതിര്‍ത്തിരുന്നു.

പുല്‍വാമ ആക്രമണത്തിനു ശേഷം ഭീകരര്‍ക്കെതിരായ എന്തെങ്കിലും ഒരു നടപടി കൈക്കൊള്ളുന്നതിന് പകരം സംഭവം ശക്തമായി നിഷേധിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്. യു.എന്‍ മുഴുവനായും ഭീകരാക്രമണത്തെ അപലപിച്ച കാര്യവും സുഷമ ഓര്‍മിപ്പിച്ചു. 

 

Trending News