വില്‍ക്കാന്‍ ഇട്ടിരുന്ന ഖനിയില്‍ നിന്ന് ലഭിച്ചത്!

എങ്ങനെയെങ്കിലും വിറ്റു പോകണേയെന്ന് വിചാരിച്ച് അവര്‍ ഇട്ടിരുന്ന ഒരു ഖനിയാണ് കമ്പനിക്കിപ്പോള്‍ ഭാഗ്യമായി മാറിയിരിക്കുന്നത്.  

Last Updated : Sep 13, 2018, 03:33 PM IST
വില്‍ക്കാന്‍ ഇട്ടിരുന്ന ഖനിയില്‍ നിന്ന് ലഭിച്ചത്!

ഭാഗ്യം ഏത് രൂപത്തില്‍ എപ്പോള്‍ എങ്ങനെ വരുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ചിലപ്പോള്‍ നമ്മള്‍ ഒഴിവാക്കി ഉപേക്ഷിച്ചിട്ടിരിക്കുന്നവയില്‍ നിന്നാകും നമ്മെ ഭാഗ്യം തേടി വരിക. ഇത്തരത്തില്‍ ഉള്ള ഒരു ഭാഗ്യത്തിന്‍റെ കഥയാണ് ടൊറന്റോ ആസ്ഥാനമായുളള ഖനിക്കമ്പനിയായ റോയല്‍ നിക്കല്‍ കോര്‍പറേഷന് പറയാനുള്ളത്. 

എങ്ങനെയെങ്കിലും വിറ്റു പോകണേയെന്ന് വിചാരിച്ച് അവര്‍ ഇട്ടിരുന്ന ഒരു ഖനിയാണ് കമ്പനിക്കിപ്പോള്‍ ഭാഗ്യമായി മാറിയിരിക്കുന്നത്. അതിനെ വെറും ഭാഗ്യമെന്ന് പറഞ്ഞാല്‍ പോരാ. അവര്‍ വിറ്റ് ഒഴിവാക്കാനായി ഇട്ടിരുന്ന ബീറ്റ ഹണ്ട് എന്ന ഖനിയില്‍ നിന്ന് അവിടത്തെ ജീവനക്കാരനായ കെന്റി ഡോള്‍ എന്ന ഖനിത്തൊഴിലാളി കണ്ടെത്തിയത് സ്വര്‍ണം നിറഞ്ഞ പാറക്കൂട്ടമായിരുന്നു. അതും ഏറ്റവും പരിശുദ്ധമായ രൂപത്തിലുള്ളത്.

മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത് നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അദ്ഭുതം എന്നാണ്. ലോകത്തിലെ ഏറ്റവും പരിശുദ്ധമായ, ഏറ്റവും വലിയ സ്വര്‍ണക്കട്ടിയെന്ന വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ വിശേഷണവും പിന്നാലെയെത്തി. 

കെന്റി ഡോള്‍ എന്ന ഖനിത്തൊഴിലാളിയാണ് ഈ സ്വര്‍ണനിധി കണ്ടെത്തിയത്. തന്‍റെ ജീവിതത്തില്‍ ഇന്നേവരെ ഇതുപോലൊരു കാഴ്ച കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. എന്തായാലും സംഭവത്തിനു പിന്നാലെ റോയല്‍ നിക്കല്‍ കോര്‍പറേഷന്‍റെ ഓഹരി മൂല്യം ഒറ്റയടിക്കു 83 ശതമാനമാണു കുതിച്ചു കയറിയത്.

പെര്‍ത്തില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ മാറി പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലായിരുന്നു ഖനി. 1970കള്‍ മുതല്‍ക്കുതന്നെ ഇവിടെ നിക്കല്‍ ഖനനം നടക്കുന്നുണ്ട്. ക്വിബെക്കില്‍ 100 കോടി ഡോളര്‍ ചെലവില്‍ പുതിയ നിക്കല്‍ ഖനി വാങ്ങാനുള്ള പണം തേടി, ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ബീറ്റ ഹണ്ട് വിറ്റൊഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു കമ്പനി. എന്നാല്‍ ഭാഗ്യമെത്തിയതാകട്ടെ തനിത്തങ്കത്തിന്‍റെ രൂപത്തിലും.

ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ താഴെയായിട്ടായിരുന്നു ഖനനം നടന്നിരുന്നത്. ഖനിയില്‍ നിന്നു വേര്‍തിരിച്ചെടുത്തതാകട്ടെ മൂന്നു മീറ്റര്‍ നീളവും അത്രതന്നെ വീതിയുമുള്ള പാറക്കഷ്ണങ്ങളും. ഇതിന്‍റെ രണ്ടു വലിയ കഷ്ണങ്ങളിലായി ഏകദേശം 9000 ഔണ്‍സിന്‍റെ സ്വര്‍ണമുണ്ടായിരുന്നു. നിലവിലെ വിപണിമൂല്യമനുസരിച്ച് ഏകദേശം 1.415 കോടി ഡോളര്‍ വില വരും ഇതില്‍ നിന്നുള്ള സ്വര്‍ണത്തിന്. 

ഒരു ടണ്ണില്‍ രണ്ടോ നാലോ ഗ്രാം എന്ന കണക്കിനായിരുന്നു നേരത്തെ അയിരില്‍ നിന്നു സ്വര്‍ണം ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ പാറക്കൂട്ടത്തില്‍ ഒരു ടണ്ണിന് രണ്ടായിരം ഗ്രാം എന്ന നിലയിലാണു സ്വര്‍ണം. 94 കിലോഗ്രാം വരുന്ന ഒരു പാറക്കഷ്ണം കമ്പനി അടര്‍ത്തിയെടുത്തിരുന്നു. അതില്‍ മാത്രം ഏകദേശം 2440 ഔണ്‍സ് സ്വര്‍ണമാണുണ്ടായിരുന്നത്. 

സംസ്‌കരിക്കാന്‍ പോലും അയയ്‌ക്കേണ്ടാത്ത വിധം പരിശുദ്ധമാണ് ഈ സ്വര്‍ണമെന്നും ആര്‍എന്‍സി അവകാശപ്പെടുന്നു. സ്വര്‍ണം വേര്‍തിരിച്ചു വില്‍ക്കുന്നതിനേക്കാള്‍ ഇതൊരു ‘മ്യൂസിയം പീസാക്കി’ മാറ്റുന്നതായിരിക്കും നല്ലതെന്ന അഭിപ്രായവും വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്. അത്രയേറെ അപൂര്‍വമാണ് ഈ കണ്ടെത്തലെന്നതു തന്നെ കാരണം.

Trending News