ലൈംഗിക അതിക്രമം: ഗൂഗിള്‍ പുറത്താക്കിയത് 48 ഉന്നത ഉദ്യോഗസ്ഥരെ

ലൈംഗികാതിക്രമത്തിന്‍റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്നും പുറത്തുപോവാന്‍ വന്‍തുക വാഗ്ദാനം ചെയ്തുവെന്നുമുള്ള ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത വന്നതിന് പിന്നാലെയാണിത്‌.  

Last Updated : Oct 26, 2018, 10:50 AM IST
ലൈംഗിക അതിക്രമം: ഗൂഗിള്‍ പുറത്താക്കിയത് 48 ഉന്നത ഉദ്യോഗസ്ഥരെ

കാലിഫോണിയ: തൊഴിടിടങ്ങളിലെ ലൈംഗിക അതിക്രമ പരാതിയില്‍ 48 ഉന്നത ഉദ്യോഗസ്ഥരെ ഗൂഗിള്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടെയാണ് ഇത്രയും പേരെ ഗൂഗിള്‍ പുറത്താക്കിയത്. സ്വഭാവദൂഷ്യമുള്ളവരെ തുടരാന്‍ അനുവദിക്കില്ലെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

ലൈംഗികാതിക്രമത്തിന്‍റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്നും പുറത്തുപോവാന്‍ വന്‍തുക വാഗ്ദാനം ചെയ്തുവെന്നുമുള്ള ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത വന്നതിന് പിന്നാലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്.

സുരക്ഷിതമായ തൊഴിലിടം ഒരുക്കാന്‍ ഗൂഗില്‍ എപ്പോഴും സന്നദ്ധമാണെന്നും രണ്ട് വര്‍ഷത്തിനിടെ പുറത്താക്കിയ 48 പേര്‍ക്കും ഒരു ഡോളര്‍ പോലും നഷ്ടപരിഹാരമായി നല്‍കിയിട്ടില്ലെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആന്‍ഡ്രോയിഡിന്‍റെ ഉപജ്ഞാതാവായ ആന്‍ഡി റൂബിനെ പുറത്താക്കിയതെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ആന്‍ഡ്രോയിഡ് സ്രഷ്ടാവായ ആന്‍ഡി റൂബിന്‍ ഉള്‍പ്പടെയുള്ളവരെ ഗൂഗിള്‍ സംരക്ഷിച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ലൈംഗികാതിക്രമ പരാതി ലഭിച്ചതിന് ശേഷം ഒമ്പത് കോടി ഡോളര്‍ (65.90 കോടി രൂപ ) എക്‌സിറ്റ് പാക്കേജ് ആയി വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം പുറത്താക്കിയ 48 പേരില്‍ 13 പേര്‍ സീനിയര്‍ മാനേജര്‍മാരും മുതിര്‍ന്ന പദവികള്‍ വഹിച്ചിരുന്നവരുമാണെന്ന് സുന്ദര്‍ പിച്ചൈ ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു. എന്നാല്‍ ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈംഗികാതിക്രമങ്ങള്‍ പരാതിപ്പെടാന്‍ പുതിയ സംവിധാനങ്ങള്‍ ഗൂഗിള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും. പേര് വെളിപ്പെടുത്താതെ തന്നെ ജീവനക്കാര്‍ക്ക് പരാതിയറിയിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Trending News