അമേരിക്കയില്‍ അതിശൈത്യം: ഇല്ലിനോയിയില്‍ താപനില -55 വരെ താഴ്ന്നേക്കും

ഇന്ന് മുതല്‍ താപനില വീണ്ടും താഴുമെന്നും ബുധനാഴ്ച ഏറ്റവും കടുത്ത തണുപ്പിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.  

Last Updated : Jan 29, 2019, 10:56 AM IST
അമേരിക്കയില്‍ അതിശൈത്യം: ഇല്ലിനോയിയില്‍ താപനില -55 വരെ താഴ്ന്നേക്കും

ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും മാരകമായ ശൈത്യകാലമാണ് അമേരിക്ക നേരിടാനിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

മഞ്ഞില്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടിച്ച്‌ കൊല്ലുന്ന അതിശൈത്യമാണ് അമേരിക്കയിലെ ജനങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്‍.

നോര്‍ത്തേണ്‍ ഇല്ലിനോയിയില്‍ -55 ഡിഗ്രി വരെയും മിനസോട്ടയില്‍ -30 ഡിഗ്രി വരെയും താപനില താഴാന്‍ ഇടയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. 

വലിയതോതിലുള്ള ശീതക്കാറ്റ് കൂടി വീശുന്നതോടെ -60 ഡിഗ്രി സെല്‍ഷ്യസ് പോലെയാകും ഇതനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ബ്രയന്‍ ഹേളി പറയുന്നു. 

ഇന്ന് മുതല്‍ താപനില വീണ്ടും താഴുമെന്നും ബുധനാഴ്ച ഏറ്റവും കടുത്ത തണുപ്പിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.  

ഫ്രോസ്റ്റ്‌ബൈറ്റും ഹൈപ്പോതെര്‍മിയയും പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണെന്നും മിനിറ്റുകള്‍ക്കുള്ളിലോ ചിലപ്പോള്‍ സെക്കന്‍ഡുകള്‍ക്കുള്ളിലോ മരണം പോലും സംഭവിക്കാന്‍ തക്ക മാരകമായ കാലാവസ്ഥയാണിതെന്നും ഹേളി പറഞ്ഞു.

1996-ല്‍ ഉണ്ടായ മൈനസ് 26 ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ് അമേരിക്കയിലെ റെക്കോര്‍ഡ് തണുപ്പ്. ഇത്തവണത്തെ ശൈത്യം ആ റെക്കോഡ് തകര്‍ക്കുമെന്നാണ് കണക്കാക്കുന്നത്. 

മതിയായ സുരക്ഷാകവചങ്ങളില്ലാതെ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

പ്രായം ചെന്നവരും രോഗബാധിതരും കഴിയുന്നത്ര യാത്ര ഒഴിവാക്കണമെന്നും ഇത്തരക്കാരെ പ്രത്യേകം ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നുമാണ് മറ്റു മുന്നറിയിപ്പുകള്‍.

Trending News