ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ അര്‍ധസഹോദരന്‍ കിം ജോംഗ് നാമിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു വനിത കൂടി പിടിയിലായി. സംസ്ഥാന വാര്‍ത്താ ഏജന്‍സിയായ ബെര്‍ണാമയാണ് രണ്ടാമത്തെ ചാരവനിത അറസ്റ്റിലായ വിവരം പുറത്തുവിട്ടത്
ഇന്തോനേഷ്യന്‍ പാസ്പോര്‍ട്ടുള്ള വനിതയെയാണ് പുലര്‍ച്ചെ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ വിയറ്റ്‌നാം പാസ്‌പോര്‍ട്ടുള്ള ഒരു വനിതയെ പിടികൂടിയിരുന്നു.
രണ്ടു വനിതകള്‍ ചേര്‍ന്നാണ് ക്വാലാലംപൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ച നാമിനെ കൊലപ്പെടുത്തിയത്. ഇവരുടെ സിസിടിവ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നാമിന്‍റെ മുഖത്ത് പ്രതികള്‍ വിഷം സ്‌പ്രേ ചെയ്യുകയായിരുന്നു.
ഉത്തരകൊറിയന്‍ ഭരണകൂടം അയച്ച ചാരവനിതകളാണ് നാമിനെ കൊലപ്പെടുത്തിയതെന്ന് ദക്ഷിണകൊറിയ വീണ്ടും ആരോപിച്ചു. തന്നെയും കുടുംബത്തെയും വേട്ടയാടരുതെന്ന് അപേക്ഷിച്ച് 2012ൽ കിം ജോങ് നാം, കിം ജോങ് ഉന്നിനു കത്തെഴുതിയതായും ദക്ഷിണ കൊറിയൻ ചാരസംഘടന വെളിപ്പെടുത്തിയിട്ടുണ്ട്.