കാഠ്മണ്ഡു:നേപ്പാളില്‍ ഭരണകക്ഷിയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ചൈനയുടെ ഇടപെടല്‍.
നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടായി കാണാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്ന സന്ദേശം നേപ്പാള്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക്
ചൈന നല്‍കി.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെപി ശര്‍മ ഒലി രാജിവെയ്ക്കണം എന്ന ആവശ്യം പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന്
ഉയര്‍ന്നതോടെയാണ് നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
അതേസമയം ചൈനയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദം ഇല്ലെന്നും തങ്ങള്‍ തന്നെ പ്രശ്നം പരിഹരിക്കുമെന്നും നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
ചൈന നേപ്പാളിലെ രാഷ്ട്രീയ സ്ഥിരതയാണ് ആഗ്രഹിക്കുന്നതെന്നും തങ്ങളുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും പാര്‍ട്ടിയിലെ
പ്രശ്നങ്ങള്‍ തങ്ങള്‍ തന്നെ പരിഹരിക്കുമെന്നും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവ് നാരായണ്‍ കാജി ശ്രേഷ്ഠ അറിയിച്ചു.
അതേസമയം നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയ നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ ഹൌയാങ്കി ഇക്കാര്യം
ചൈനീസ് ഭരണക്കൂടത്തെയും ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിനേതാക്കളെയും ധരിപ്പിക്കുകയും ചെയ്തു,ചൈനീസ് അംബാസഡര്‍ നേപ്പാള്‍ പ്രസിഡന്‍റ് ബിദ്യ ഭാണ്ഡാരിയുമായും
കൂടിക്കാഴ്ച നടത്തി.
മുതിര്‍ന്ന നേതാക്കളായ പികെ ധഹല്‍,മാധവ് കുമാര്‍ നേപ്പാള്‍,ഝാലാ നാഥ് ഖനല്‍,മാധവ് കുമാര്‍ നേപ്പാള്‍ എന്നിവരുമായും ചൈനീസ് അംബാസഡര്‍
കൂടിക്കാഴ്ച നടത്തുകയും ചൈനയുടെ താല്‍പ്പര്യം അവരെ അറിയിക്കുകയും ചെയ്തു എന്നാണ് വിവരം.
Also Read:നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധി;ഭരണ കക്ഷിയുടെ നേതൃയോഗം വീണ്ടും മാറ്റി!
നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കണം എന്ന നിലപാട് ചൈന അറിയിച്ചതിന് പിന്നാലെ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന്
നേതാക്കള്‍ തയ്യാറാവുകയായിരുന്നു,ചര്‍ച്ചകളില്‍ ധാരണയില്‍ എത്തിയ ശേഷം പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരുന്നതിന് നേതാക്കള്‍ തമ്മില്‍
ധാരണയില്‍ എത്തിയതിനെ തുടര്‍ന്നാണ് ജൂലായ് 17 ലേക്ക് നേതൃയോഗം മാറ്റിയത്.
അതേസമയം പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന നേതാക്കള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത്
സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ നിര്‍ണ്ണായകമാകും.