സിയൂള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയ. പടിഞ്ഞാറന്‍ നഗരമായ ഹുവാന്‍ഗ്യുവില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പറഞ്ഞു.രണ്ട് ഹ്രസ്വദൂര സ്കഡ് മിസൈലുകള്‍ ആദ്യ ഘട്ടത്തിലും മധ്യദൂര റൊഡോംഗ് മിസൈല്‍ പിന്നീടും വിക്ഷേപിച്ചു. പടിഞ്ഞാറന്‍ തീരത്ത് 500 മുതല്‍ 600 കിലോമീറ്റര്‍ ദൂരം വരെ ഇവ സഞ്ചരിച്ചുവെന്നും സുരക്ഷ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം പ്രതിരോധിക്കാനുള്ള സംവിധാനം സ്ഥാപിക്കാന്‍ യുഎസ് നീക്കം നടത്തുന്നതിനിടെയാണ് വീണ്ടും ഉത്തരകൊറിയയുടെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു പരീക്ഷണം. മിസൈല്‍ സാങ്കേതികത്വത്തില്‍ വളര്‍ച്ച നേടിയെന്ന് കാണിക്കാനുള്ള സൂചനമായിരുന്നു ആദ്യഘട്ടത്തിലെ മിസൈല്‍ പരീക്ഷണമെങ്കില്‍ ഇപ്പോള്‍ അത് കരുത്ത തെളിയിക്കുന്നതിനുള്ള വഴിയായി മാറിയെന്നും ഇതിനെ രാഷ്ടീയപരമായി വിലയിരുത്തുമെന്നും അമേരിക്ക വ്യക്തമാക്കി.
ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് ഉത്തരകൊറിയയ്ക്കെതിരെ യുഎന്‍ രക്ഷാസമിതി ഉപരോധം ശക്തമാക്കിയിരുന്നെങ്കിലും ഇതെല്ലം വകവയ്ക്കാതെയാണ് ഉത്തരകൊറിയ കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടര്‍ച്ചയായി മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ജൂണിലും മധ്യദൂര മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വിജയകരമായ പരീക്ഷണമെന്നാണ് അതിനെ വിലയിരുത്തപ്പെടുന്നത്. പ്രാദേശിക സമയം 5.45നും 6.40നുമിടയിലാണ് പുതിയ പരീക്ഷണം നടന്നത്.