ഭൂമി ഉൾപ്പെടുന്ന നക്ഷത്രസമൂഹമായ ആകാശഗംഗയുടെ മധ്യത്തിലെ ഭീമൻ തമോഗർത്തത്തിന്റെ ചിത്രം പകർത്തി ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ജ്യോതിശാസ്ത്രഞ്ജർ. ഗ്യാലക്സിക്ക് നടുവിലെ സജിറ്റേറിയസ് എ എന്ന തമോഗർത്തത്തിന്റെ ചിത്രമാണ് ഇവന്റ് ഹൊറൈസൻസ് ടെലിസ്കോപ്പ് ശൃംഖലയുടെ സഹായത്തോടെ പകർത്തിയത്.
ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഊർജമായ പ്രകാശത്തിന് പോലും പുറത്തു കടക്കാൻ കഴിയാത്ത വസ്തുക്കളാണ് തമോഗർത്തമെന്ന ബ്ലാക്ക് ഹോളിലേക്. ഇതിന്റെ ചിത്രമാണ് ഇപ്പോൾ പകർത്തിയിരിക്കുന്നത്.ഭാരം കൂടിയ നക്ഷത്രങ്ങൾ രൂപീകൃതമായി ശതകോടി വർഷങ്ങൾക്ക് ശേഷം അവയുടെ ഇന്ധനം തീരുമ്പോൾ വലിയ സ്ഫോടനത്തോടെ പൊട്ടിതെറിക്കും.
ഇത്തരത്തിലെ ഭീകരമായ പൊട്ടിതെറികൾ സംഭവിക്കുമ്പോഴാണ് ബ്ലാക്ക് ഹോളുകൾ രൂപീകൃതമാകുന്നത്. ബ്ലാക്ക് ഹോളുകൾക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്ന പ്രകാശം ഉൾപ്പെടെ പ്രപഞ്ചത്തിലെ ഒരു വസ്തുവും തിരികെ പുറത്തേക്ക് വരില്ല. അതിഭീകരമായ ഗുരത്വാകർഷണ ബലമാണ് ബ്ലാക്ക് ഹോളുകൾക്ക് ഉള്ളത്. ഇത്തരം കോടി കണക്കിന് തമോഗർത്തങ്ങളാണ് പ്രപഞ്ചത്തിലുള്ളത്. ഭൂമി ഉൾപ്പെടുന്ന നക്ഷത്രസമൂഹമായ ആകാശഗംഗയിൽ തന്നെ 10 കോടി തമോഗർത്തങ്ങളുണ്ട്. ഇതിലൊന്നാണ് ആകാശഗംഗയുടെ മധ്യത്തിലുള്ള ബ്ലാക്ക് ഹോൾ സജിറ്റേറിയസ് എ.
ബ്ലാക്ക് ഹോളുകളെ കണ്ടുപിടിക്കുക ഏറെ ദുഷ്കരമായ ജോലിയാണ്. പ്രകാശത്തെ ഇവ ഉള്ളിലേക്ക് വലിച്ചെടുക്കുമെന്നതിനാൽ ടെലിസ്കോപ്പുകൾക്ക് ഇവയെ കണ്ടെത്താൻ കാര്യമായി സാധിക്കാറില്ല. പലതരം തരംഗ ദൈർഘ്യമുള്ള പ്രകാശ രശ്മികളെ സ്വീകരിച്ചാണ് വളരെ ദൂരെയുള്ള നക്ഷത്രസമൂഹങ്ങളെയും ബഹിരാകാശ വസ്തുക്കളെയും നാം കണ്ടെത്തുന്നത്. ഒരു സാധാരണ മനുഷ്യൻ ഒരു വസ്തുവിനെ കാണുന്നത് പോലും ആ വസ്തുവിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശം കണ്ണിൽ പതിക്കുമ്പോഴാണ്.
അപ്പോൾ പ്രകാശത്തെ പുറത്തേക്ക് വിടാത്ത ബ്ലാക്ക് ഹോളുകളെ കണ്ടെത്താൻ നേരിടുന്ന ബുദ്ധിമുട്ടുകൾ എത്രയെന്ന് മനസ്സിലാക്കാൻ പറ്റുമല്ലോ. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ വലം വയ്ക്കുന്നതു പോലെ തന്നെ ആകാശ ഗംഗയെന്ന നക്ഷത്ര സമൂഹത്തിലെ പതിനായിരം കോടിയിലധികം വരുന്ന നക്ഷത്രങ്ങൾ അതിന്റെ മധ്യത്തിലുള്ള സജിറ്റേറിയസ് എ എന്ന ബ്ലാക്ക് ഹോളിനെയും വലം വയ്ക്കുന്നുണ്ട്.
മെസിയർ 87 എന്ന നക്ഷത്ര സമൂഹത്തിലെ ഒരു ബ്ലാക്ക് ഹോളിന്റെ ചിത്രമാണ് ഇതിന് മുൻപ് മനുഷ്യർക്ക് പകർത്താൻ സാധിച്ചത്. ഭൂമിയിൽ നിന്ന് 5 കോടി പ്രകാശ വർഷങ്ങൾക്ക് അപ്പുറത്തുള്ള നക്ഷത്ര സമൂഹമാണ് മെസിയർ 87. അവിടെയുള്ള ബ്ലാക്ക് ഹോളിന്റെ ചിത്രം 2019ലാണ് ഇവന്റ് ഹൊറൈസൺ ടെലിസ്കോപ്പിലൂടെ തന്നെ പകർത്തിയത്. പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരത്തെയാണ് പ്രകാശ വർഷം എന്ന് പറയുന്നത്.
മെസിയർ 87ൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ 5 കോടി വർഷമെടുക്കും. അതിനാലാണ് 5 കോടി പ്രകാശ വർഷം അകലെയാണ് ആ നക്ഷത്ര സമൂഹമെന്ന് നാം പറയുന്നത്. നമ്മുടെ നക്ഷത്രമായ സൂര്യന്റെ പ്രകാശം ഭൂമിയിലേക്ക് എത്താൻ 8 മിനിറ്റാണ് എടുക്കുന്നത്. സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 15 കോടി കിലോമീറ്റർ ആണ്. ഈ വിശാലമായ പ്രപഞ്ചത്തിൽ ഭൂമിയും നാം ഉൾപ്പെടുന്ന സൗരയൂഥവും എത്ര ചെറുതാണെന്ന് പ്രകാശ വർഷമെന്ന ദൂരം നമ്മൾക്ക് മനസ്സിലാക്കി തരുന്നു.
സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെഞ്ചൂറിയിലേക്ക് തന്നെ 4.35 പ്രകാശവർഷത്തിന്റെ ദൂരമാണ് ഉള്ളത്. നിലവിലെ സാങ്കേതിക വിദ്യകളോ ശാസ്ത്ര പുരോഗതിയോ ഉപയോഗിച്ച് നമുക്ക് സൂര്യന്റെ അടുത്തുള്ള ഇരട്ട നക്ഷത്ര സംവിധാനമുള്ള പ്രോക്സിമ സെഞ്ചൂറിയിൽ പോലും എത്താൻ സാധിക്കില്ലെന്ന് ചുരുക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...